ബണ്ട് പാലം നാടിന് സമർപ്പിച്ചു
കണ്ണൂർ കോർപ്പറേഷനിലെ താഴെചൊവ്വ ഭാഗത്തെയും അവേര ഭാഗത്തെയും ബന്ധിപ്പിച്ച് കാനാമ്പുഴയ്ക്ക് കുറുകെ നിർമ്മിച്ച ബണ്ട് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പശ്ചാത്തല വികസനത്തിന്റെ കുതിപ്പിലാണ് കേരളമെന്നും 13 ജില്ലകളിലൂടെ കടന്നുപോകുന്ന 1200 കി.മീ നീളമുള്ള മലയോര ഹൈവേ വലിയൊരു ശതമാനം പൂർത്തിയായെന്നും മന്ത്രി പറഞ്ഞു. ഒൻപത് ജില്ലകളിലെ തീരദേശ ഹൈവേ, കംഫർട്ട് സ്റ്റേഷനുകൾ, തുരങ്ക പാത, റെയിൽവേ മേൽപ്പാലങ്ങൾ എന്നിവയെല്ലാം യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി ശിലാഫലകം അനാച്ഛാദനം ചെയ്തു.
ഇറിഗേഷൻ വകുപ്പിന്റെ വീതി കുറഞ്ഞ നടപ്പാലം മാത്രമാണ് ഈ പ്രദേശത്ത് മുമ്പ് ഉണ്ടായിരുന്നത്. ബണ്ടുപാലം യാഥാർത്ഥ്യമായതോടെ പാലത്തിന്റെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന ജനങ്ങൾക്ക് എളുപ്പത്തിൽ കണ്ണൂരിൽ എത്തിച്ചേരുന്നതിനും കണ്ണൂർ സിറ്റി ഭാഗത്ത് നിന്ന് വരുന്നവർക്ക് കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷൻ ഗേറ്റ്, താഴെ ചൊവ്വ റെയിൽവേ ഗേറ്റ് എന്നിവ ഒഴിവാക്കി താഴെചൊവ്വ വഴി തലശ്ശേരി ഭാഗത്തേക്ക് പോകുന്നതിനും സാധിക്കും.
പാലത്തിൽ എട്ട് മീറ്റർ സ്പാനുകളും ഒരു ഒൻപത് മീറ്റർ സ്പാനുമാണുള്ളത്. 25.70 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന്റെ ഇരു ഭാഗങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. സബ് മെഴ്‌സിബിൾ ആയാണ് പാലം രൂപകൽപന ചെയ്തിരിക്കുന്നത്. പാലത്തിന്റെ അടിത്തറയ്ക്ക് പൈൽ ഫൗണ്ടേഷനും നൽകിയിട്ടുണ്ട്. എടക്കാട് ഭാഗത്ത് 147 മീറ്റർ നീളത്തിലും കണ്ണൂർ ഭാഗത്ത് 55 മീറ്റർ നീളത്തിലും താഴെ ചൊവ്വ ഭാഗത്തേക്ക് 32 മീറ്റർ നീളത്തിലും അനുബന്ധ റോഡുകളും ആവശ്യമായ ഇടങ്ങളിൽ പാർശ്വഭിത്തിയും ഡ്രൈയിനേജും റോഡ് സുരക്ഷാ ക്രമീകരണങ്ങളും നൽകിയിട്ടുണ്ട്. 3.30 കോടിയാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉൾപ്പെടെ 3.176 കോടി രൂപയുടെ സാങ്കേതിക അനുമതിയും ലഭിച്ചു.
പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ഉമാവതി റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർമാരായ കെ.കെ മുഹമ്മദ് ഷിബിൽ, കെ.പി സീന, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം സജിത്ത്, സംഘാടകസമിതി ചെയർമാൻ എം പി രാജൻ, കൺവീനർ കെ മഹീന്ദ്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി വിനോദ്, എ അബ്ദുൾ ലത്തീഫ്, ധീരജ് എന്നിവർ പങ്കെടുത്തു.
- Log in to post comments