കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെ: എ.കെ.ജി സ്മാരക ജി.എച്ച്.എസ്.എസ്. പെരളശ്ശേരിയും രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് എസ് എസ് മൊകേരിയും ജേതാക്കൾ
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവെക്കുന്നതിനായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ 'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെയിൽ കണ്ണൂർ ജില്ലക്ക് മികച്ച നേട്ടം. സെക്കൻഡറി വിഭാഗം സംസ്ഥാന തലത്തിൽ എ.കെ.ജി സ്മാരക ജി.എച്ച്.എസ്.എസ്. പെരളശ്ശേരിക്ക് രണ്ടാം സ്ഥാനവും രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് എസ് എസ് മൊകേരിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.
പൊതുസമൂഹത്തിന്റെ സഹായത്തോടെ ലഭിച്ച പശ്ചാത്തല സൗകര്യങ്ങൾ ആസൂത്രണ മികവോടെ എല്ലാ വിദ്യാർഥികളിലും എത്തിക്കുന്ന മികവാണ് കണ്ണൂർ എകെജി സ്മാരക ഗവ. ഹയർ സെക്കന്ററി സ്‌കൂളിന്റെ പ്രത്യേകത.
പഠനം ക്ലാസ് മുറികളിൽ ഒതുക്കാതെ പ്രകൃതിയിലേയ്ക്ക് വ്യാപിപ്പിച്ച്, പരിസ്ഥിതി സംരക്ഷണം ഓരോ വിദ്യാർഥിയുടേയും ജീവിതശൈലിയായി മാറ്റുക എന്ന ലക്ഷ്യത്തോടെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന സ്‌കൂളാണ് രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരി. മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാക്കാവുന്ന ഈ മേൻമകളാണ് കണ്ണൂരിലെ ഈ രണ്ട് സ്‌കൂളുകളെയും സമ്മാനത്തിന് അർഹമാക്കിയതെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. റിയാലിറ്റി ഷോയിലെ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥിയായി സി എച്ച് എം എച്ച് എസ് എളയാവൂരിലെ ഹബീബ് റഹ്‌മാൻ തിരഞ്ഞെടുക്കപ്പെട്ടു.
സെക്കൻഡറി തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 8.4 ലക്ഷം, 6.3 ലക്ഷം, 4.2 ലക്ഷം രൂപയുടെ ഐ.സി.ടി. ഉപകരണങ്ങൾ അവാർഡായി ലഭിച്ചു.
ശനിയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് അവാർഡുകൾ വിതരണം ചെയ്തത്. സംസ്ഥാനത്തെ 825 സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 86 സ്‌കൂളുകളാണ് 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ആദ്യ റൗണ്ടിൽ മത്സരിച്ചത്. അതിൽ നിന്നും തിരഞ്ഞെടുത്ത 26 സ്‌കൂളുകളാണ് രണ്ടാം റൗണ്ടിൽ എത്തിയത്. രണ്ട് ലക്ഷത്തോളം കുട്ടികളാണ് വിവിധ ഘട്ടങ്ങളിലായി ഷോയുടെ ഭാഗമായത്.
കൈറ്റ് ജില്ലാ ഓഫീസിന്റെയും റിസോഴ്സ് സെന്ററിന്റെയും ശിലാസ്ഥാപനം നടത്തി
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ശിലാസ്ഥാപനം നിർവ്വഹിച്ചു
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) കണ്ണൂർ ജില്ലാ ഓഫീസിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെയും ജില്ലാ റിസോഴ്സ് സെന്ററിന്റെയും ശിലാസ്ഥാപനം കണ്ണൂർ ശിക്ഷക് സദൻ ഹാളിൽ രജിസ്‌ട്രേഷൻ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ സാങ്കേതിക മുന്നേറ്റം ഏറെ അഭിമാനകരമാണെന്നും ഐടിമേഖലയിൽ അത്യന്താധുനിക വിദ്യാഭ്യാസം നമ്മുടെ ക്ലാസ് മുറികളിൽ കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി.
കണ്ണൂർ സയൻസ് പാർക്കിന് സമീപത്താണ് പുതിയ കെട്ടിടം ഉയരുന്നത്. കെട്ടിട നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഹൈടെക് ക്ലാസ് മുറികൾ, കൈറ്റ് വിക്ടേഴ്സ്, ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അധ്യാപകർക്കും വിദ്യാർഥികൾക്കും ആധുനിക സാങ്കേതിക പരിശീലനങ്ങൾ നൽകുന്നതിനുമുള്ള കേന്ദ്രമായാണ് പുതിയ റിസോഴ്സ് സെന്റർ വിഭാവനം ചെയ്തിരിക്കുന്നത്.
കെട്ടിടത്തിന്റെ രൂപരേഖാ പ്രകാശനം കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. രവീന്ദ്രൻ, കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ അഡ്വ. സോന ജയറാം, കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഇ ബീന, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷൈനി ഡി, ഡയറ്റ് പ്രിൻസിപ്പൽ ഡോ. വിനോദ്കുമാർ കെ, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ സുധീർ കെ സി, കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ സുജിത്ത്, കണ്ണൂർ ടി ടി ഐ മെൻ പ്രിൻസിപ്പൽ കെ വി അഞ്ജന, കൈറ്റ് ജില്ലാ കോഡിനേറ്റർ കെ സുരേന്ദ്രൻ, കെ എം മഖ്ബൂൽ എന്നിവർ പങ്കെടുത്തു.
- Log in to post comments