Skip to main content
 ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ശില്പശാല എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു.

ബാലാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വികസിത ജനാധിപത്യ ബോധം അനിവാര്യം  -എം.ബി.രാജേഷ് എം.പി

 

    ബാലാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വികസിത ജനാധിപത്യ ബോധം അനിവാര്യമാണെന്ന് എം.ബി.രാജേഷ് എം.പി പറഞ്ഞു. ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പ്രസ് ക്ലബ്ബും ചേര്‍ന്ന് നടത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. അവികസിത ജനാധിപത്യം ബാലവേലയുള്‍പ്പെടെയുള്ള കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ക്ക്  കാരണമാവുന്നുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍  തടയുന്നതിനോടൊപ്പം അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായാണ് പോക്സോ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. സാമൂഹിക വ്യവസ്ഥയിലുണ്ടായ മാറ്റം മൂലം കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങള്‍ക്ക് വഴിമാറിയതോടെ കുട്ടികള്‍ക്ക് വീടുകളില്‍ മുന്തിയ പരിഗണന ലഭിക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ സമൂഹത്തോട് വിളിച്ചുപറയുക എന്ന ഉത്തരവാദിത്തം മാധ്യമങ്ങള്‍ നിറവേറ്റണമെന്നും കുട്ടികളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എം.പി.പറഞ്ഞു. 
    ഹോട്ടല്‍ സായൂജ്യത്തില്‍ നടന്ന ശില്പശാലയില്‍ 'സര്‍ക്കാരും ബാലാവകാശ സംരക്ഷണവും' വിഷയത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ആനന്ദനും  'സന്നദ്ധ സംഘടനകളും ബാലാവകാശ സംരക്ഷണവും' വിഷയത്തില്‍ ചൈല്‍ഡ് ലൈന്‍ കോഡിനേറ്റര്‍ സി.രജിതയും 'മാധ്യമങ്ങളും ബാലാവകാശ സംരക്ഷണവും' വിഷയത്തില്‍ മാതൃഭൂമി തൃശ്ശൂര്‍ യൂനിറ്റിലെ സബ് എഡിറ്റര്‍ ഒ.രാധികയും ക്ലാസെടുത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷനായ പരിപാടിയില്‍  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭകുമാരി, പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍.എ.എം.ജാഫര്‍, മാധ്യമപ്രവര്‍ത്തകര്‍, മാധ്യമ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

date