നവ്യാനുഭവങ്ങളൊരുക്കി ജനങ്ങളെ സ്വാഗതം ചെയ്ത് തൃശൂർ സുവോളജിക്കൽ പാർക്ക്
പ്രകൃതിയുടെ നിശ്ശബ്ദ സംഗീതവും പച്ചപ്പും ചേർന്ന് ഒരു നവ്യാനുഭവം തുറന്നിരിക്കുകയാണ് തൃശ്ശൂരിൽ. പൊതുജനങ്ങൾക്കായി തൃശ്ശൂർ സുവോളജിക്കൽ പാർക്കിന്റെ വാതിലുകൾ തുറന്നു. ഔപചാരികതകൾക്കപ്പുറം ജനങ്ങളുടെയും കുട്ടികളുടെയും പ്രകൃതി സ്നേഹികളുടെയും കണ്ണുകളിൽ തെളിഞ്ഞ കൗതുകം തന്നെയായിരുന്നു ആ നിമിഷത്തിന്റെ യഥാർത്ഥ ആഘോഷം.
വനം–വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ–ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികൾ ആദ്യ സന്ദർശകരായെത്തി.
നിശ്ചയദാർഢ്യത്തോടെ ഒരു സർക്കാർ പ്രവർത്തിച്ചാൽ ജനങ്ങൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്നതിന്റെ ഒരു മാതൃകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇതിലൂടെ കാണിച്ചു തരുന്നതെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. ഇന്ത്യയ്ക്കാകെ മാതൃകയാകുന്ന വിധത്തിൽ ആധുനികത വളരുന്നതിനനുസരിച്ച് ആ സൗകര്യങ്ങൾ ഈ പാർക്കിലും ഒരുക്കാനുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു .
അതിവേഗം ഒരു നാട് മാറുന്ന ഒരു പ്രയത്നമാണിതെന്നും ഒരു ദിവസം കൊണ്ട് തീരേണ്ട ഒന്നല്ല ഇതെന്നും എന്നും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കേണ്ട ഒന്നാണ് ഈ സുവോളജിക്കൽ പാർക്കെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. സുവോളജിക്കൽ പാർക്കിൽ ജനങ്ങൾക്കായി ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങൾ മന്ത്രി വിശദീകരിച്ചു .
മൃഗങ്ങളെ അടുത്തറിയാനും പലതരം ആവാസ വ്യവസ്ഥകളെ അറിയാനുമുള്ള ഒരു അവസരമാണ് സുവോളജിക്കൽ പാർക്ക് ഒരുക്കുന്നത്. നഗരത്തിൽ ദിവസവും നിരവധി പേരെത്തുന്ന ഒരു ആകർഷകമായ ഇടമായി മാറാനൊരുങ്ങുകയാണ് സുവോളജിക്കൽ പാർക്ക്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്,ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സേതുമാധവൻ, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ്) ജോർജ്ജ് പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ആർ. ആടലരശൻ, സ്പെഷ്യൽ ഓഫീസർ കെ. ജെ വർഗീസ് , സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി. എൻ നാഗരാജ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ,മുൻ ജനപ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവരും പാർക്ക് പൊതുജനങ്ങൾക്ക് തുറന്നു നൽകിയതിന് ശേഷമുള്ള ആദ്യ സന്ദർശനത്തിന്റെ ഭാഗമായി.
- Log in to post comments