ഒല്ലൂർ നിയോജക മണ്ഡലം മലയോര പട്ടയമേള: 61 പട്ടയങ്ങൾ വിതരണം ചെയ്തു
ഭൂമിയുമായി ബന്ധപ്പെട്ട ഏത് പ്രശ്നത്തിനും മറുപടി കൊടുക്കാൻ സർക്കാർ ഒപ്പമുണ്ടെന്ന് റവന്യൂ ഭവന നിർവഹണ വകുപ്പ് മന്ത്രി കെ രാജൻ. ഒല്ലൂർ മണ്ഡല തല മലയോര പട്ടയമേള ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭൂരഹിതരായ ഒരാളും കേരളത്തിൽ ഇല്ലാത്തവിധം സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മലയോര മേഖലയിലെ എല്ലാ പട്ടയപ്രശ്നങ്ങളും പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
2011-2016 കാലയളവിൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽ 18 പട്ടയങ്ങൾ വിതരണം ചെയ്ത സ്ഥാനത്ത് 2021 മുതലുള്ള കാലയളവിൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽ 2602 പട്ടയങ്ങൾ വിതരണം ചെയ്യാനായതായും ഈ സർക്കാർ അധികാരം ഒഴിയുന്നതിന് മുൻപ് 5,00,000 പട്ടയങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലേക്ക് ഡിജിറ്റൽ റീ സർവെ നടപടികൾ അടക്കം വിവിധ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
മലയോര മേഖലയിലെ ജനങ്ങളുടെ പട്ടയ വിഷയത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയതിന്റെ ഫലമായി ഒല്ലൂർ നിയോജകമണ്ഡലത്തിലെ മലയോര കുടിയേറ്റക്കാർക്കുള്ള 61 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
ആശാരിക്കാട് ഗ്രാമീണ സഹകരണസംഘം ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി ചെന്നിക്കര അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എ മനോജ്, മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകന്യ ബൈജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സുബ്രഹ്മണ്യൻ കെ കെ, ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ ജ്യോതി എം സി, സ്പെഷ്യൽ തഹസിൽദാർ ലൈൻ അസൈമെന്റ് യൂണിറ്റ് നമ്പർ വൺ ശ്രീകല സി പി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments