കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും പുതുതായി രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിച്ചു
ആദ്യ യാത്ര ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു
കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയില്‍ നിന്നും പുതുതായി ആരംഭിക്കുന്ന രണ്ട് സര്‍വീസുകളുടെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ഡിപ്പോയില്‍ പുതുതായി ആരംഭിക്കുന്ന കാഞ്ഞങ്ങാട് - കോട്ടയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിന്റെയും കാഞ്ഞങ്ങാട് - കാസര്‍കോട് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുമാണ് ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം ഡിപ്പോയില്‍ നിന്നും പുതിയ രണ്ട് ട്രിപ്പുകള്‍ ബന്തടുക്ക, പരപ്പ റൂട്ടുകളിലായി ആരംഭിച്ചു.
കാഞ്ഞങ്ങാട് -കോട്ടയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസ് വൈകുന്നേരം ഏഴിന്് കാഞ്ഞങ്ങാട് നിന്നും പുറപ്പെട്ട് കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, മൂവാറ്റുപുഴ, തൊടുപുഴ,പാലാ വഴി രാവിലെ 8.10 ന് കോട്ടയത്തു എത്തിച്ചേരും. തിരിച്ചു വൈകീട്ട് 5.30 ന് കോട്ടയത്തു നിന്നും പുറപ്പെടുന്ന ബസ് പാലാ, തൊടുപുഴ, മൂവാറ്റുപുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ വഴി രാവിലെ 6.40 ന് കാഞ്ഞങ്ങാട് എത്തും. വൈകുന്നേരം ഏഴിന് കോട്ടയം സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. ചന്ദ്രഗിരിപ്പാലം വഴി ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസ് നിലവില്‍ കാഞ്ഞങ്ങാട്, പൂച്ചക്കാട്, ബേക്കല്‍ ഫോര്‍ട്ട് മേല്‍പറമ്പ, കാസര്‍കോട് ആണ് സ്റ്റോപ്പുകള്‍.
കൂടാതെ കാഞ്ഞങ്ങാട് നിന്നും പുതുതായി രണ്ട് ട്രിപ്പുകള്‍ കൂടി ആരംഭിച്ചു. രാത്രി 7.15 ന് ഒടയംചാല്‍, കോളിച്ചാല്‍ വഴി ബന്തടുക്കയിലേക്കും തിരിച്ച് പുലര്‍ച്ചെ 4.30 ന് ബന്തടുക്കയില്‍ നിന്നും കുറ്റിക്കോല്‍, ചുള്ളിക്കര വഴി കാഞ്ഞങ്ങാടേക്ക് പരശുറാം എക്‌സ്പ്രസിന് കണക്ഷന്‍ കിട്ടുന്ന വിധത്തിലുമാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 11.45 ന് കാഞ്ഞങ്ങാട് നിന്നും ജില്ലാ ആശുപത്രി, കാഞ്ഞിരപ്പൊയില്‍, അടുക്കം വഴി പരപ്പയിലേക്കും തിരിച്ച് ഉച്ചയ്ക്ക് 1.20 ന് പരപ്പയില്‍ നിന്നും ബിരിക്കുളം, നെല്ലിയടുക്കം, നീലേശ്വരം, ചന്ദ്രഗിരിപ്പാലം വഴി കാസര്‍ഗോടേക്കുമാണ് സര്‍വ്വീസ് ഉണ്ടാവുക. കാഞ്ഞങ്ങാട് ഡിപ്പോയില്‍ വച്ച് നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആല്‍വിന്‍ ടി സേവ്യര്‍ അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് കെ.സരിത, വിവിധ യൂണിയന്‍ പ്രതിനിധികള്‍, ജീവനക്കാര്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍ വി.എച്ച് ദാമോദരന്‍ സ്വാഗതം പറഞ്ഞു.
- Log in to post comments