അറയ്ക്കപ്പടിയിൽ താമസം ഇല്ലാത്തവരുടെ മിച്ചഭൂമി പട്ടയങ്ങൾ റദ്ദാക്കുന്നു
ജില്ലയിലെ അറയ്ക്കപ്പടി വില്ലേജിൽ വർഷങ്ങൾക്ക് മുൻപ് അനുവദിച്ചതും പിന്നീട് അവിടെ താമസത്തിനു തയാറാകാത്തവരുടെതുമായ മിച്ചഭൂമി പട്ടയങ്ങൾ റദ്ദാക്കാൻ നടപടി ആരംഭിച്ചു. അർഹരായ യഥാർത്ഥ കൈവശക്കാർക്ക് ഭൂമി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് റവന്യൂ വകുപ്പിന്റെ നടപടി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ലാൻഡ് റവന്യൂ ഡെപ്യൂട്ടി കളക്ടർ പുറപ്പെടുവിച്ചു.
അറയ്ക്കപ്പടി വില്ലേജിലെ ബ്ലോക്ക് 28-ൽ, റീ-സർവ്വേ നമ്പർ 391-ൽ ഉൾപ്പെട്ട 11 മുതൽ 18 വരെയുള്ള സബ് ഡിവിഷനുകളിലെ ഭൂമിയാണ് നടപടിക്കു വിധേയം. മുൻപ് വെങ്ങോല വില്ലേജിന്റെ ഭാഗമായിരുന്ന (പഴയ സർവ്വേ 415/1-9) 79.714 സെന്റ് മിച്ചഭൂമി എട്ടു പേർക്കായി 10 സെന്റ് വീതം പട്ടയം നൽകിയിരുന്നു. പെരുമാനി വെള്ളാരം പാറക്കുഴി പട്ടികവർഗ്ഗ കോളനി ഉൾപ്പെടുന്ന ഭാഗമാണിത്. എന്നാൽ, ഈ പട്ടയ ഉടമകളിൽ ഭൂരിഭാഗവും നിലവിൽ പ്രസ്തുത സ്ഥലത്ത് താമസിക്കുന്നില്ലെന്നും പകരം പുതിയ കുടുംബങ്ങൾ അവിടെ വീടുവെച്ച് താമസിക്കുന്നതായും റവന്യൂ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.
രേഖകൾ പ്രകാരം വെങ്ങോല കരയിൽ കൈപ്പാടത്ത് ഖദീജ പാത്തുമ്മ മാത്രമാണ് നിലവിൽ ഈ സ്ഥലത്ത് താമസിക്കുന്നത്. മറ്റ് തണ്ടപ്പേര് ഉടമകളോ അവരുടെ കുടുംബാംഗങ്ങളോ അവിടെ താമസിക്കുന്നില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. നിലവിൽ അവിടെ താമസിക്കുന്ന യഥാർത്ഥ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിന് നിയമതടസ്സമായ പഴയ പട്ടയങ്ങൾ റദ്ദാക്കാനാണ് സർക്കാർ തീരുമാനം.
പട്ടയം റദ്ദാക്കുന്നതിൽ ആക്ഷേപമുള്ള തണ്ടപ്പേര് ഉടമകളോ അവരുടെ അനന്തരാവകാശികളോ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ പട്ടയരേഖകളുമായി കളക്ടറേറ്റിൽ നേരിട്ട് ഹാജരാകണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാകാത്ത പക്ഷം, ആക്ഷേപങ്ങളില്ലെന്ന് കണക്കാക്കി പട്ടയം റദ്ദാക്കുന്നതിനുള്ള തുടർനടപടികളുമായി മുന്നോട്ട് പോകുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളുടെ വിവരങ്ങൾ:
വെങ്ങോല കരയിൽ ചിറയിൽ കണ്ടത്ത് സി. ആർ. രവീന്ദ്രൻ,
ചിറയിൽ വേലമ്മാലുകുടി പത്മനാഭൻ ഗോപി,
തച്ചൻ കര ടി. എ. മണി
കമ്പിക്കുടി കെ. കുഞ്ഞപ്പൻ,
കൈപ്പാടത്ത് ഖദീജ പാത്തുമ്മ,
സുലൈമാൻ മകൾ പാത്തുമ്മ, പുത്തൻപറമ്പിൽ പി. കെ. ബഷീർ, കുറക്കോട്ടൻ കോയാൽ ഇസ്മായിൽ.
- Log in to post comments