കശുമാവ് സന്തതി തോട്ടത്തില്‍ ഫാം ഫെസ്റ്റിന് ഔദ്യോഗിക തുടക്കം; ഇനി നാടിന് കാര്‍ഷികോത്സവത്തിന്റെ നാളുകള്‍
ഫാം കൗണ്‍സിലിന്റെയും കശുമാവ് വികസന ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആദൂര്‍ ഗാളിമുഖം കശുമാവ് സന്തതി തോട്ടത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാം ഫെസ്റ്റിന് (കാഷ്യൂ ആഗ്രോ ഫാം എക്‌സ്‌പോ) തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജനനി അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ബാലന്‍ മുഖ്യ പ്രഭാഷണം നടത്തി. കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.രാഘവേന്ദ്ര പദ്ധതി വിശദീകരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഉഷ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രൂപാ സത്യന്‍, കാറഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദര റാവു, കാറഡുക്ക ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.ബേബി, ആത്മ കാസര്‍കോട് പ്രൊജക്റ്റ് ഡയറക്ടര്‍ കെ.ആനന്ദ, കാറഡുക്ക ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സവിത, വാസന്തി, കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ.എന്‍ സുഹാസ്, കാറഡുക്ക ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.അജേഷ്, ആദൂര്‍ ഗാളിമുഖ കശുമാവ് സന്തതി തോട്ടം കൃഷി ഓഫീസര്‍ എന്‍.സൂരജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇര്‍ഫാന ഇഖ്ബാല്‍ സ്വാഗതവും കശുമാവ് വികസന ഓഫീസര്‍ മനു നരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
കശുമാവ് കൃഷിയും അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട പുതിയ സാങ്കേതിക വിദ്യകളും മികച്ച ഇനങ്ങളും കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ അധീനതയിലുള്ള എല്ലാ ഫാമുകളിലും ഫാം ഫെസ്റ്റ് നടത്തണമെന്ന കൃഷിമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കശുമാവ് സന്തതി തോട്ടത്തിലും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേള നടത്തുന്നത്. ഫെബ്രുവരി 28, മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലാണ് ഫാം ഫെസ്റ്റ് നടക്കുക. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു വരെ ഫാം പൊതുജനങ്ങള്‍ക്ക് സൗജന്യമായി തുറന്നുകൊടുക്കും. ഗാളിമുഖത്തും ആദൂരുമായി പരന്നുകിടക്കുന്ന കശുമാവ് സന്തതി തോട്ടത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുവാനും വിവിധ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനും പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കുകയാണ് ഫാം ഫെസ്റ്റിലൂടെ.
കൃഷി വകുപ്പുമായി ബന്ധപ്പെട്ട സ്റ്റാളുകള്‍ക്ക് പുറമേ വിവിധ കാര്‍ഷിക ഏജന്‍സികള്‍ മുഖേനയുള്ള തൈകളും ഫെസ്റ്റിന്റെ ഭാഗമായി വില്‍ക്കപ്പെടും. ഫാമിന്റെ പ്രവര്‍ത്തനങ്ങളെയും സേവനങ്ങളെയും പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക, കാര്‍ഷിക വകുപ്പുമായി ബന്ധപ്പെട്ട നടില്‍ വസ്തുക്കളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഫാം ഫെസ്റ്റ് ലക്ഷ്യമിടുന്നത്. ഉദയാസ്തമനങ്ങളുടെ ഭംഗി ആസ്വദിക്കാന്‍ പര്യാപ്തമായ മാവിലാംകോട്ട വ്യൂ പോയിന്റ് അതിന് അനുബന്ധമായ ഷെല്‍ട്ടറിന്റെ ഉദ്ഘാടനവും ഫാം ഫെസ്റ്റിനോടനുബന്ധിച്ച് നടന്നു.
ഫാം ഫെസ്റ്റ് നടക്കുന്ന മൂന്ന് ദിവസങ്ങളിലും വ്യൂ പോയിന്റ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, ഗുണമേന്മ നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുക, ആധുനിക കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫാം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി കശുമാവിന്റെ മെച്ചപ്പെട്ട ഇനങ്ങള്‍, ഗ്രാഫ്റ്റ് തൈകള്‍, ഡ്വാര്‍ഫ് കശുമാവ് തുടങ്ങിയവയുടെ പ്രദര്‍ശനവും വിതരണവും നടക്കും. കശുമാവ് കൃഷിയുമായി ബന്ധപ്പെട്ട സംശയനിവാരണം, കൃഷി പരിശീലനം, വിദഗ്ധരുമായി സംവാദം എന്നിവയും എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
- Log in to post comments