കേരളത്തിന്റെ ഊര്‍ജ്ജ മേഖലയില്‍ പുതിയ ചരിത്രം കുറിച്ച് മൈലാട്ടി 220 കെ.വി സബ്‌സ്റ്റേഷന്‍
സംസ്ഥാനത്തെ ആദ്യ 125 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് പദ്ധതി; ശിലാസ്ഥാപനം മന്ത്രി കെ.കൃഷ്ണന്‍ കുട്ടി നിര്‍വഹിച്ചു
കേരളത്തിന്റെ ഊര്‍ജ്ജ മേഖലയില്‍ പുതിയ ചരിത്രം കുറിച്ച് മൈലാട്ടി 220 കെ.വി. സബ്‌സ്റ്റേഷനില്‍ സ്ഥാപിക്കുന്ന 125 മെഗാവാട്ട്, 500 മെഗാവാട്ടവര്‍ ശേഷിയുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റത്തിന്റെ (BESS) നിര്‍മ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കാസര്‍കോടിന്റെ ഊര്‍ജ വിപ്ലവത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നും ഊര്‍ജ രംഗത്ത് കേരളത്തില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കാസര്‍കോട് ജില്ലയിലെ വിവിധ വൈദ്യുതി പ്രശ്‌നങ്ങള്‍ക്ക് ഈ പദ്ധതിയിലൂടെ പരിഹാരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കെ.എസ്.ഇ.ബി.എല്‍. ഡിസ്ട്രിബ്യൂഷന്‍ ആന്റ് എച്ച്.ആര്‍.എം. വിഭാഗം ഡയറക്ടര്‍ പി. സുരേന്ദ്ര ചടങ്ങില്‍ സ്വാഗതം പറഞ്ഞു. കെ.എസ്.ഇ.ബി.എല്‍ ജനറേഷന്‍- ഇലക്ട്രിക്കല്‍, റീസ് ഡയറക്ടര്‍ ജി.സജീവ് പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരപ്പിച്ചു.
2050-ഓടെ കേരളത്തെ പൂര്‍ണ്ണമായും പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന 'നെറ്റ് കാര്‍ബണ്‍ ന്യൂട്രല്‍' സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണിത്. രാജ്യത്തെ തന്നെ ആദ്യത്തെ നാല് മണിക്കൂര്‍ സ്റ്റോറേജ് സംവിധാനമാണിതെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. 135 കോടി രൂപയുടെ കേന്ദ്ര സഹായത്തോടെ 'ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ്' (BOO) മാതൃകയില്‍ ജെ.എസ്.ഡബ്ലിയു എനര്‍ജി ലിമിറ്റഡാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കെ.എസ്.ഇ.ബി.എല്‍. സ്വതന്ത്ര ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി രാജേന്ദ്രന്‍, ചീഫ് എഞ്ചിനീയര്‍മാരായ കെ. ശാന്തി, ഹരീശന്‍ മൊട്ടമ്മല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.വി. രാധിക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ പാക്ക്യാര, ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി. ലക്ഷ്മി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ. ശ്രീജ, ജെ.എസ്.ഡബ്ലിയു. എനര്‍ജി ലിമിറ്റഡ് പ്രതിനിധി ഇളങ്കോ ബാലസുബ്രഹ്‌മണ്യന്‍, കാസര്‍കോട് ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രതിനിധി എസ്.രാജാറാം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം കെ.എം അഹമ്മദ് ഷെരീഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കെ.എസ്.ഇ.ബി.എല്‍. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.എ ആശ നന്ദി പറഞ്ഞു. 2026 ഒക്ടോബറോടെ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്
പദ്ധതി ഇങ്ങനെ
കേരളത്തിന്റെ വൈദ്യുതി വിതരണ ശൃംഖലയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ലക്ഷ്യമിട്ട് കാസര്‍കോട് ജില്ലയിലെ മൈലാട്ടിയില്‍ അത്യാധുനിക ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (BESS) യാഥാര്‍ത്ഥ്യമാകുന്നു. സംസ്ഥാനത്തെ ആദ്യത്തെയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാറ്ററി സംഭരണ സംവിധാനങ്ങളിലൊന്നുമായ ഈ പദ്ധതി, വരാനിരിക്കുന്ന വൈദ്യുതി പ്രതിസന്ധികളെ മറികടക്കാന്‍ കെ.എസ്.ഇ.ബിയെ സഹായിക്കുന്ന പ്രധാന നാഴികക്കല്ലാണ്.
പകല്‍ സമയങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്റുകളില്‍ നിന്ന് ഉത്പ്പാദിപ്പിക്കപ്പെടുന്ന അധിക വൈദ്യുതി സംഭരിച്ചുവെച്ച്, ഉപഭോഗം ഏറ്റവും കൂടുതലായ വൈകുന്നേരങ്ങളില്‍ (Peak hours) ഗ്രിഡിലേക്ക് തിരികെ നല്‍കുകയാണ് ഈ പദ്ധതിയുടെ പ്രാഥമിക ധര്‍മ്മം. കേന്ദ്ര സര്‍ക്കാരിന്റെ വൈബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഏകദേശം 125 മെഗാവാട്ട് ശേഷിയുള്ള ഈ നിലയത്തിന് പ്രതിദിനം അഞ്ച് ലക്ഷം യൂണിറ്റ് വൈദ്യുതി വരെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ജെ.എസ്.ഡബ്ല്യു (JSW) നിയോ എനര്‍ജി എന്ന സ്വകാര്യ കമ്പനിയാണ് മൈലാട്ടി 220 കെ.വി സബ്സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഈ പ്ലാന്റ് നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ കരാര്‍ പ്രകാരം എട്ട് കോടിയിലധികം രൂപയുടെ ഇന്‍സെന്റീവ് നല്‍കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാത്രികാലങ്ങളില്‍ പുറത്തുനിന്ന് വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാന്‍ കെ.എസ്.ഇ.ബിക്ക് സാധിക്കും.
കാസര്‍കോട് ജില്ലയിലെ സൗരോര്‍ജ്ജ ഉത്പ്പാദനത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണിത്. മൈലാട്ടിക്ക് പുറമെ ശ്രീകണ്ഠാപുരം, പോത്തന്‍കോട്, അരീക്കോട് എന്നിവിടങ്ങളിലും സമാനമായ രീതിയില്‍ ചെറിയ തോതിലുള്ള ബാറ്ററി സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ വൈദ്യുതി വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബറോടെ മൈലാട്ടി പദ്ധതി വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്.
- Log in to post comments