Skip to main content

അനുമതിയില്ലാത്ത ആന ഉള്‍പ്പെട്ട ഉത്സവങ്ങള്‍  നിരീക്ഷിക്കാന്‍ പൊലീസിന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം

 

    നാട്ടാന പരിപാലന ചട്ടം ജില്ലാതല നിരീക്ഷണ സമിതിയുടെ അനുമതിയില്ലാതെ ആനകളെ ഉള്‍പ്പെടുത്തി  ഉത്സവങ്ങള്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പോലീസിന് ജില്ലാ കലക്ടര്‍ ഡോ.പി.സുരേഷ് ബാബു നിര്‍ദ്ദേശം നല്‍കി. ഉത്സവത്തിന് ഒരുമാസം മുന്‍പ്  ഉത്സവകമ്മിറ്റികള്‍ സമിതിക്ക് അപേക്ഷ സമര്‍പ്പിച്ച് ആനകളെ ഉള്‍പ്പെടുത്തുന്നതില്‍ അനുവാദം വാങ്ങേണ്ടതുണ്ട്. ജില്ലാ കലക്ടര്‍ ചെയര്‍മാനും സോഷല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ കണ്‍വീനറുമായ പൊലീസ് , ഫയര്‍ഫോഴ്സ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടതാണ് സമിതി. സമിതിയുടെ അനുമതിയില്ലാതെ ഉത്സവകമ്മിറ്റികള്‍ ഉത്സവങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. ജില്ലാ കലക്ടറുടെ ചേബറില്‍ ചേര്‍ന്ന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. സമിതിയ്ക്ക്  അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് പോലീസ്, വനം, ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉള്‍പ്പെട്ട സംഘം നേരിട്ടെത്തി പരിശോധന നടത്തുകയും തുടര്‍ന്ന് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സമിതിയ്ക്ക് സമര്‍പ്പിച്ച് സമിതിയാണ് അന്തിമ തീരുമാനം കൈകൊള്ളുക. സ്ഥലവിസ്താരത്തിന്‍റെ അടിസ്ഥാനത്തിലാവും  ഉള്‍പ്പെടുത്തേണ്ട ആനകളുടെ എണ്ണത്തില്‍ അനുമതി ലഭിക്കുക. ആനകളുടെ എണ്ണം, പേര്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് സമിതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഉത്സവത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന ആനകളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിത സമയപരിധിക്കുള്ളില്‍ നിശ്ചിത മാതൃകയില്‍ ഫോറസ്റ്റ് അധികൃതര്‍ക്ക് പരിശോധിക്കാന്‍ സമയം ലഭ്യമാകുംവിധം തന്നെ സമര്‍പ്പിക്കണമെന്ന്  ജില്ലാ കലക്ടര്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ലഭിക്കുന്ന അപേക്ഷകളുടെ വേഗത്തിലുളള തീര്‍പ്പാക്കലിനായി ഒരു സബ്കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. യോഗത്തില്‍ എം.ഡി.എം എസ്.വിജയന്‍, ആന ഉടമകള്‍, സോഷല്‍ ഫോറസ്ട്രി, ഫയര്‍ ഫോഴ്സ്, പോലീസ്  ഉദ്യോഗസ്ഥര്‍   പങ്കെടുത്തു. 

date