Skip to main content

ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള സൈഡ് വീല്‍ സ്‌കൂട്ടറുകളുടെ വിതരണം എം.രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യനീതിയിലധിഷ്ഠിതമായ സമഗ്ര വികസന കാഴ്ചപ്പാടോടെയുള്ളതാണെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള സൈഡ് വീല്‍ സ്‌കൂട്ടറുകളുടെ വിതരണവും തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ ഭിന്നശേഷിക്കാര്‍ക്കായുള്ള ശ്രവണസഹായി പരിശോധനാ ക്യാമ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന ഭിന്നശേഷി സമൂഹത്തിന്റെ പുനരധിവാസത്തിനായി നിരവധി മാതൃകാപരമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വിവിധ മേഖലകളില്‍ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രത്യേക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞ ഒരു ദശാബ്ദമായി സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നുണ്ട്. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ സാമൂഹിക, സാമ്പത്തിക, ഭരണപരമായ പിന്തുണ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും പ്രതിസന്ധികളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുവരാന്‍ ഭിന്നശേഷിക്കാര്‍ക്ക് കഴിയണമെന്നും എം.എല്‍.എ പറഞ്ഞു.

ചടങ്ങില്‍ 16 ഗുണഭോക്താക്കള്‍ക്ക് സൈഡ് വീല്‍ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന 'ഹസ്തദാന' പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റുകളും  കൈമാറി. കൂടാതെ അര്‍ഹരായവര്‍ക്കായി ശ്രവണസഹായി പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. എം.വി ജയഡാളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.നാരായണന്‍, വൈസ് പ്രസിഡന്റ് മിനി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.വി റീന, ഡി.എ.ഡബ്ല്യു.എഫ് ജില്ലാ സെക്രട്ടറി സി.വി സുരേഷ്, സംസ്ഥാന അഡൈ്വസറി ബോര്‍ഡ് അംഗം രമ എന്നിവര്‍ സംസാരിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ.മൊയ്തീന്‍കുട്ടി സ്വാഗതം പറഞ്ഞു.

date