കിഫ്ബിയിലൂടെ 46,145 കോടി രൂപയുടെ 528 പൊതുമരാമത്ത് പദ്ധതികൾ നടപ്പാക്കി: മന്ത്രി പി.എ മുഹമ്മദ് റിയാസ്
ചൊട്ട പാലം ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു
2016ൽ നിലവിൽ വന്ന കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) വഴി പത്ത് വർഷംകൊണ്ട് സംസ്ഥാനത്തിന്റെ വികസനത്തിൽ വലിയ കുതിപ്പാണ് ഉണ്ടായതെന്ന് പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയിലൂടെ പൂർത്തികരിക്കപ്പെട്ടത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് മാത്രം 46145 കോടി രൂപയുടെ 528 പദ്ധതികൾ സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനായി നടപ്പിലാക്കിയതായി മന്ത്രി വ്യക്തമാക്കി. മുടങ്ങിപ്പോയ ദേശീയപാത 66 എന്ന സ്വപ്ന പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയതും സംസ്ഥാന സർക്കാരാണെന്നും ഇതിനായി 5500 കോടിയിലേറെ രൂപ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. അഞ്ചു വർഷം കൊണ്ട് 100 പാലങ്ങൾ എന്ന ലക്ഷ്യം മുന്നിൽക്കണ്ട നടത്തിയ പ്രവർത്തങ്ങളിലൂടെ 150 പാലങ്ങൾ നിർമിക്കാൻ സാധിച്ചതും വലിയ നേട്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
13 ജില്ലകളിലൂടെ 1200 കിലോമീറ്ററോളം മലയോര ഹൈവേയും ഒമ്പത് ജില്ലകളിലായി 600 കിലോമീറ്ററോളം തീരദേശപാതയും യാഥാർഥ്യമാക്കി. തുരങ്ക പാതയുടെ പ്രവർത്തിയും ആരംഭിച്ചു. റോഡ് വികസന പ്രവർത്തനങ്ങൾക്കായി 3500 കോടി രൂപയാണ് വകുപ്പ് ചെലവഴിച്ചത്. ‘ലെവൽ ക്രോസ് ഇല്ലാത്ത കേരളം’ എന്ന ലക്ഷ്യത്തിനായി 150 റയിൽവേ മേൽപ്പാലങ്ങളാണ് നിർമ്മിച്ചതെന്നും ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന് ഓർമ്മിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ നാട് വികസനത്തിന്റെ പാതയിൽ ആണെന്നും ഒരു സർക്കാർ ആരംഭിക്കുന്ന വികസന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകേണ്ടത് മാറിവരുന്ന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും എം.പി രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സി.ജെ കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി നിഷ, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം രാധ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം പ്രശാന്ത് പയറ്റിയാൽ, മുളിയാർ ഗ്രാമപഞ്ചായത്ത് അംഗം കെ പ്രഭാകരൻ, ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി സി രാമചന്ദ്രൻ, ചൊട്ട പാലം ആക്ഷൻ കമ്മിറ്റി ചെയർമാൻ മോഹനൻ നായർ പാലക്കൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധി എം മാധവൻ എന്നിവർ സംസാരിച്ചു.
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സംഘാടകസമിതി ചെയർമാനുമായ ഇ കുഞ്ഞിരാമൻ സ്വാഗതവും കെ.ആർ.എഫ്.ബി കാസർകോട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം രാജേഷ് കുമാർ നന്ദിയും പറഞ്ഞു.
പാലത്തിനു വേണ്ടി സ്ഥലം വിട്ടുനൽകിയ മോഹനൻ പാലക്കൽ ഉൾപ്പെടെയുള്ള 26 പ്രദേശവാസികളെയും പാലത്തിന്റെ പണി സമയബന്ധിതമായി പൂർത്തീകരിച്ച ജാസ്മിൻ കൺസ്ട്രക്ഷനെയും മേൽനോട്ടം വഹിച്ച കിഫ്ബി കേരള റോഡ് ഫണ്ട് ബോർഡ് പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.
രണ്ട് പഞ്ചായത്തുകളുടെ യാത്ര സ്വപ്നങ്ങൾക്ക് പുതുവഴിയൊരുക്കുകയാണ് ചൊട്ട പാലം. പയസ്വിനിപ്പുഴയ്ക്ക് കുറുകെ മുളിയാർ, ബേഡഡുക്ക എന്നി രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം ഏറെ നാളത്തെ നാട്ടുകാരുടെ കാത്തിരിപ്പിന്റെ കൂടി ഫലമാണ്. ചൊട്ട പാലം നിലവിൽ വന്നതോടെ കുണ്ടംകുഴിയിൽ നിന്ന് ഇരിയണ്ണിയിലേക്കുള്ള ദൂരം 8 കിലോമീറ്ററിലേറെ കുറഞ്ഞു. 2023 മെയ് മാസത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് പാലത്തിനു തറക്കല്ലിടുന്നത്. ആ വർഷം തന്നെ നിർമാണ പ്രവർത്തികളും ആരംഭിച്ചു.
രണ്ടര വർഷം കൊണ്ട് പാലത്തിന്റെ എല്ലാ പണികളും പൂർത്തികരിക്കാൻ സാധിച്ചു.കിഫ്ബി ഫണ്ടിൽ അനുവദിച്ച 18.30 കോടി രൂപ ചെലവിലാണ് നിർമാണം. 130 മീറ്റർ നീളത്തിലു ള്ള പാലത്തിന് 5 സ്പാനുകളു ണ്ട്. 11 മീറ്ററാണ് വീതി. ഇതിൽ ഏഴര മീറ്റർ റോഡും ബാക്കി ഇരു വശങ്ങളിലും നടപ്പാതകളുമാണ്. പാലത്തിന്റെ ഇരുവശങ്ങളിലും ഓരോ കിലോമീറ്റർ അപ്രോച്ച് റോഡും നിർമിച്ചു. കിലോമിറ്ററുകളോളം താണ്ടി കുറ്റിക്കോൽ വഴി ഇരിയണ്ണി പോകുന്നവർക്കും പൊയ്നാച്ചി വഴി കാസർകോട് പോകുന്നവർക്കും വലിയ ആശ്വാസമാവുകയാണ് ചൊട്ട പാലം. ഒറ്റപ്പെട്ടു കിടന്ന ചൊട്ടയിലെ ജനങ്ങൾക്ക് ഇരു പഞ്ചായത്തുകളിലേക്കും ഇനി യഥേഷ്ടം സഞ്ചരിക്കാനും പാലം വഴിയൊരുക്കുന്നു.
- Log in to post comments