Skip to main content

ആട് വസന്ത രോഗ നിർമ്മാർജ്ജന യജ്ഞം 4ന് തുടങ്ങും

ആടുകളെയും ചെമ്മരിയാടുകളെയും മാരകമായി ബാധിക്കുന്ന ആടു വസന്ത (പിപിആർ) വൈറസ് രോഗബാധയ്‌ക്കെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിരോധ കുത്തിവെയ്പ്പിന്റെ രണ്ടാം ഘട്ടം മാർച്ച് 4ന് തുടങ്ങും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററിൽ ഉച്ചയ്ക്ക് 12 ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. അഡ്വ.വി കെ  പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി മുഖ്യാതിഥിയാകും.

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഈ യജ്ഞത്തിലൂടെ മാർച്ച് 16 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളിലായി നാലു മാസത്തിനു മുകളിൽ പ്രായമുള്ള പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകൾക്കും, ആയിരത്തോളം വരുന്ന ചെമ്മരിയാടുകൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരും, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കർഷകരുടെ വീടുകളിലെത്തി സൗജന്യമായി പ്രതിരോധ കുത്തിവയ്പ്പ് നൽകി വിവരങ്ങൾ ദേശീയ തലത്തിലുളള ''ഭാരത് പശുധൻ'' പോർട്ടലിൽ റിപ്പോർട്ട് ചെയ്യും. പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിനായി സംസ്ഥാനമൊട്ടാകെ 1819 സ്‌ക്വാഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 965/2026

date