Skip to main content

ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം: ഒന്നാംഘട്ടം നാടിന് സമർപ്പിക്കുന്നു

മലയാള സിനിമയുടെ ചരിത്രത്തിൽ പ്രധാന സ്ഥാനമലങ്കരിക്കുന്ന ചിത്രാഞ്ജലി സ്റ്റുഡിയോയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി.

ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മാർച്ച് 4 ഉച്ചയ്ക്ക് 2.30 ന് നിർവഹിക്കും. മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയേലിന്റെ സ്മരണാർത്ഥം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സ്ഥാപിച്ച വെങ്കല പ്രതിമയും മന്ത്രി അനാച്ഛാദനം ചെയ്യും. കിഫ്ബി ധനസഹായം സ്വീകരിച്ചാണ് ചിത്രാഞ്ജലി നവീകരണ പദ്ധതി നടപ്പിലാക്കി വരുന്നത്.

നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഓഫീസ് ബിൽഡിംഗ്, എ.സി ഷൂട്ടിംഗ് ഫ്ലോർ, ആധുനിക ലൈറ്റ് യൂണിറ്റ്, അപ്രോച്ച് റോഡ് എന്നിവ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. പ്രശസ്ത ശില്പി കുന്നുവിള എം. മുരളിയാണ് ജെ.സി. ഡാനിയേലിന്റെ പ്രതിമ രൂപകല്പന ചെയ്തത്.

പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം മേയർ വി. വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, കെ.എസ്.എഫ്.ഡി.സി ചെയർമാൻ കെ. മധു, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ പ്രിയദർശനൻ പി. എസ്, ജെ. സി. ഡാനിയേൽ പ്രതിമയുടെ ശില്പി കുന്നുവിള എം. മുരളി, ജെ. സി. ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേൽ, കിഫ്ബി അഡീഷണൽ സി.ഇ.ഒ മിനി ആന്റണി, വാർഡ് കൗൺസിലർ ശൈലജ ദേവി, കെ.എസ്.എഫ്.ഡി.സി ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.എ നിഷാദ്, ഷെറിൻ ഗോവിന്ദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

പി.എൻ.എക്‌സ്. 972/2026

date