Skip to main content

5 വർഷത്തിനിടെ നടപ്പിലാക്കിയത് 900 കോടിയുടെ പദ്ധതികൾ: മന്ത്രി പി പ്രസാദ്

*പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസ് സ്‌കൂൾ പുതിയ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ചേർത്തല മണ്ഡലത്തിൽ 900 കോടി രൂപയുടെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിയതെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന രീതിയിലുള്ള വികസനമാണ് നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി ചേർത്തല മണ്ഡലത്തിലെ മുഴുവൻ കൃഷിഭവനുകളെയും ആധുനിക സൗകര്യങ്ങളോടുകൂടി സ്മാർട്ട് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയിലെ വിദ്യാകിരണം  മിഷനിൽ ഉൾപ്പെടുത്തി കിഫ്ബി ധനസഹായത്തോടെയാണ് പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 3.90 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് കെട്ടിടത്തിന്റെ നിർമ്മാണം. വിശാലമായ കമ്പ്യൂട്ടർ ലാബ്, ക്ലാസ് മുറികൾ, ഓഫീസ് മുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്റ്റാഫിനും പ്രത്യേകം ശൗചാലയങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ റാംപ്, വൈദ്യുതീകരണം, അഗ്‌നിശമന സംവിധാനങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടി ടി വിക്രമൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സന്ധ്യാ ബെന്നി, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം സി ബി മോഹൻ ദാസ്, പഞ്ചായത്തംഗം ടി ഡി പ്രമോദ്, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, തുറവൂർ എഇഒ ഹെലൻ കുഞ്ഞ് കുഞ്ഞ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date