Skip to main content

സംരംഭ സൗഹൃദ നിർമ്മല കേരളം 2026: വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സംരംഭ സൗഹൃദ നിർമ്മല കേരളം 2026 പദ്ധതിയുടെ ഭാഗമായി ബോർഡിന്റെ അനുമതികളുടെ ഓട്ടോ റിന്യുവൽ സംവിധാനംബോർഡിന്റെ തിരുവനന്തപുരം ആസ്ഥാന മന്ദിരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾസംസ്ഥാനതല പ്രകാശ മലിനീകരണ നയരൂപീകരണ ശിൽപ്പശാലഇക്കോ ആൾട്ടർനേറ്റീവ്‌സ് ടു പ്ലാസ്റ്റിക് എക്‌സ്‌പോ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർഹിച്ചത്.

പരിസ്ഥിതിയും വികസനവും കൈകോർക്കുന്ന സുസ്ഥിരമായ കേരളം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതികൾ കൂടുതൽ ലളിതമാക്കുന്നതിനും അനാവശ്യ നടപടിക്രമങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന ഓട്ടോ റിന്യൂവൽ സംവിധാനം സംസ്ഥാനത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നയത്തിന്റെ ഭാഗമായ പ്രധാന മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും പരിസ്ഥിതി സൗഹാർദ്ദ ബദൽ വസ്തുക്കൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഇക്കോ ആൾട്ടർനേറ്റീവ്‌സ് ടു പ്ലാസ്റ്റിക് എക്‌സ്‌പോ പരിസ്ഥിതി സംരക്ഷണ ബോധം സമൂഹത്തിൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകാശ മലിനീകരണം തടയുന്നതിനായി സമഗ്രമായ സംസ്ഥാന നയം രൂപീകരിക്കുന്നതിനുള്ള ശിൽപ്പശാലയും ഈ രംഗത്ത് പ്രധാന ഇടപെടലായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് മന്ത്രി പി  രാജീവ്ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ എന്നിവർ ചടങ്ങിൽ ഓൺലൈനായി സംബന്ധിച്ചു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡയറക്ടർ സുനിൽ പാമിഡി ആശംസകൾ അറിയിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സൺ ശ്രീകല എസ് സ്വാഗതവും മെമ്പർ സെക്രട്ടറി ഡോ. രതീഷ് മേനോൻ നന്ദിയും പറഞ്ഞു.

പി.എൻ.എക്‌സ്. 978/2026

date