ബാലസാഹിത്യ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ വിതരണം ചെയ്തു. കുട്ടികൾ നാം പറയുന്ന ഓരോ കാര്യങ്ങളും സസൂക്ഷ്മം ശ്രദ്ധിക്കുകയും അതിലൂടെ അവരുടെ വിശ്വാസങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിനാൽ എഴുത്തുകാർക്ക് അവരുടെ മേൽ വലിയ അധികാരവും ഉത്തരവാദിത്തവുമുണ്ടെന്ന് പുരസ്കാര വിതരണ ചടങ്ങിൽ അവർ പറഞ്ഞു. കുട്ടികളെ ക്രൂരമായ ഈ ലോകത്തെ അഭിമുഖീകരിക്കാൻ പഠിപ്പിക്കുന്നതിന് പകരം ഈ ലോകത്തെ മാറ്റിയെടുക്കാനാണ് അവരെ പ്രാപ്തരാക്കേണ്ടത്. നാളത്തെ ലോകം സ്നേഹവും സമാധാനവും നിറഞ്ഞതാക്കി മാറ്റാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് ശക്തിയും തണലും നൽകാൻ ഓരോരുത്തർക്കും സാധിക്കട്ടെയെന്നും അവർ ആശംസിച്ചു.
കഥാ വിഭാഗത്തിൽ (പെൻഗ്വിനുകളുടെ വൻകരയിൽ) ശ്രീജിത്ത് മൂത്തേടത്തും (ജാനകി ഉണ്ടാക്കിയ കഥകൾ) പി വി ഷാജികുമാറും കവിതാ വിഭാഗത്തിൽ (മാവമ്മ) രാവുണ്ണിയും വൈജ്ഞാനികം വിഭാഗത്തിൽ (വീട്ടിലെത്തിയ വിരുന്നുകാർ) ഫൈറോസ് ബീഗം പി യും ശാസ്ത്ര വിഭാഗത്തിൽ (പുല്ലരി മധുരം- മുത്താറി മുതൽ മലഞ്ചാമ വരെ) പ്രദീപ് ഓർക്കാട്ടേരിയും ജീവചരിത്ര വിഭാഗത്തിൽ (മലയാളത്തിന്റെ കവികൾ) ഫില്ലിസ് ജോസഫും നാടക വിഭാഗത്തിൽ (മുതലക്കെട്ട്) ജി ശ്രീകണ്ഠനും ചിത്രീകരണ വിഭാഗത്തിൽ (കാട്ടിൽ ഒരു ഒളിച്ചുകളി) അരുണ നാരായണൻ ആലഞ്ചേരിയും വിവർത്തന വിഭാഗത്തിൽ (ഡിറ്റക്ടീവ് ഫെലൂദ) എം ചന്ദ്രപ്രകാശും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. പ്രശസ്തി പത്രവും ശിൽപവും ഇരുപതിനായിരം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രസ് ക്ലബിലെ ടിഎൻജി ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷനായി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗം സിജിതാ അനിൽ പുരസ്‌കാരത്തിന് അർഹമായ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഭരണസമിതി അംഗങ്ങളായ കുഞ്ഞിരാമൻ മാഷ്, അഡ്വ രതീഷ് മറ്റു ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.
പി.എൻ.എക്‌സ്. 983/2026
- Log in to post comments