Skip to main content

അഴിമതിരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ വിജിലൻസ് വകുപ്പിനെ ആധുനികവത്കരിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ

*നവീകരിച്ച ആലപ്പുഴ സബ് ജയിലും ചുറ്റുമതിലും ഉദ്ഘാടനം ചെയ്തു

അഴിമതിരഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ വിജിലൻസ് വകുപ്പിനെ സർക്കാർ ആധുനികവത്ക്കരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവീകരിച്ച ആലപ്പുഴ സബ് ജയിലിൻ്റെയും നിർമ്മാണം പൂർത്തിയാക്കിയ ചുറ്റുമതിലിൻ്റെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുതാര്യവും സത്യസന്ധവുമായ ഭരണനിർവ്വഹണം ഉറപ്പാക്കുന്നതിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വഹിച്ചുപോരുന്ന പങ്ക് വളരെ വലുതാണ്. പുതിയ സൌകര്യങ്ങൾ വിജിലൻസിന്റെ പ്രവർത്തനങ്ങളിൽ ഏകോപനവും വേഗതയും സുതാര്യതയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കേരളത്തിലെ ജയിലുകൾ ഇന്ന് കേവലം ശിക്ഷാകേന്ദ്രങ്ങളല്ല, മറിച്ച് തടവുകാരുടെ ചിന്തകളിലും ജീവിതരീതികളിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലുകളിലെ തടവുകാർക്ക് മെച്ചപ്പെട്ട താമസ സൗകര്യങ്ങളും മാനസികാരോഗ്യ പിന്തുണയും തൊഴിൽ പരിശീലനവും ഉറപ്പാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 

നീതിനിർവ്വഹണം കൂടുതൽ കാര്യക്ഷമമാകണമെങ്കിൽ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ആധുനിക സജ്ജീകരണങ്ങളും അനിവാര്യമാണ്. ഈ കാഴ്ചപ്പാടോടെ കഴിഞ്ഞ പത്തു വർഷത്തിനിടെ ഒട്ടനവധി ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിവന്നത്. അതിന്റെ ഗുണഫലം ഈ വകുപ്പിൽ വളരെയധികം ദൃശ്യവുമാണ്. പഴയ മന്ദിരങ്ങൾക്കു പകരം എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, ജയിലുകൾ എന്നിവ ഇന്ന് നമ്മുടെ സംസ്ഥാനത്തുണ്ട്. അവയെല്ലാംതന്നെ സ്ത്രീ-ശിശു സൗഹൃദ ഇടങ്ങളുമാണ്. സംസ്ഥാനത്തെ പോലീസ്, ജയിൽ, വിജിലൻസ് എന്നീ സുപ്രധാന വകുപ്പുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു ചുവടുവെപ്പാണ് ഇന്ന് നടക്കുന്നതെന്നും ആധുനിക സുരക്ഷാ മാനദണ്ഡങ്ങളോടെ നിർമ്മിച്ച ആലപ്പുഴ സബ് ജയിൽ പ്രവർത്തനസജ്ജമാകുന്നതോടെ തടവുകാരുടെ ബാഹുല്യം കുറയ്ക്കാനും ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട മേൽനോട്ടം ഉറപ്പാക്കാനും സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി. ജയിൽ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് എം.എൽ.എ പറഞ്ഞു. ജയിലുകൾ കേവലം തടവറകൾ എന്നതിലുപരി മനുഷ്യരെ നവീകരിക്കുന്ന ഇടമായി മാറണമെന്നും, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ജയിൽ-പോലീസ് വകുപ്പുകളെ കാലോചിതമായി പരിഷ്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു. 

പി.പി ചിത്തരഞ്ചൻ എംഎൽഎ മുഖ്യാതിഥിയായി. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ കേരളത്തിലെ ആഭ്യന്തര-ജയിൽ വകുപ്പുകളിൽ നിരവധി   മാറ്റങ്ങൾ നടപ്പിലാക്കിയതായി അദ്ദേഹം പറഞ്ഞു. 

1.12 കോടി രൂപ വിനിയോഗിച്ച് നവീകരിച്ച സബ് ജയിലിൽ 49 തടവുകാരെ  പാർപ്പിക്കാനുള്ള സൌകര്യമുണ്ട്. തടവുകാരുടെ താമസ സൗകര്യങ്ങൾ, ഭരണ വിഭാഗം, വീഡിയോ കോൺഫ്രൻസിങ് സിസ്റ്റം, സുരക്ഷാ നിരീക്ഷണ സംവിധാനം, അടുക്കള, മെഡിക്കൽ മുറി, സന്ദർശക സൗകര്യം, ശുചിമുറികൾ, റിക്രീയേഷൻ ഹാൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ചേർത്തല, അമ്പലപ്പുഴ താലൂക്ക് പരിധിയിൽപ്പെട്ട കോടതികൾ റിമാൻഡ് ചെയ്യുന്ന തടവുകാരെയാണ് ഇവിടെ പാർപ്പിക്കുന്നത്. സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 1.51 കോടി രൂപ ചെലവഴിച്ചാണ് ചുറ്റുമതിൽ നിർമിച്ചത്.

പരിപാടിയിൽ  പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഐ റംല ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, വാർഡ് അംഗം എ. എം നൗഫൽ, ജയിൽ ഡിഐജി ടി ആർ രാജീവ്, അഡീഷണൽ എസ് പി ഗില്‍സണ്‍ മാത്യു, ജില്ലാ ജയിൽ സൂപ്രണ്ട് എ അംജിത്ത്, അസോസിയേഷൻ ഭാരവാഹികളായ പി എസ് അനീഷ്, എം ജി രഞ്ജുനാഥ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date