Skip to main content

കടിഞ്ഞിമൂല-മാട്ടുമ്മല്‍ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി നാടിന് സമര്‍പ്പിച്ചു

നീലേശ്വരം പുഴയ്ക്ക് കുറുകെയുള്ള കടിഞ്ഞിമൂല-മാട്ടുമ്മല്‍ പാലം നാടിന് സമര്‍പ്പിച്ചു

പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരളത്തിലെ റോഡ്-പാലം മേഖലകളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം വികസനങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ സുഗമമാക്കി മാറ്റി.മലയോര ഹൈവേ, തീരദേശ ഹൈവേ, നാഷണല്‍ ഹൈവേ വികസനം എന്നിവയ്ക്ക് പുറമെ കേരളത്തില്‍ തുരങ്കപാതകള്‍ കൂടി വരാന്‍ പോകുകയാണെന്നും അതിലൂടെ ജനങ്ങളുടെ സമയം ഒരുപാട് ലാഭിക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പാലങ്ങളുടെ അടിയിലുള്ള സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന 'ബി-പാര്‍ക്ക്' എന്ന പദ്ധതി ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ചടങ്ങില്‍ വിശിഷ്ടാതിഥിയായി. കാസര്‍കോട് പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. രാജീവന്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.പി മുഹമ്മദ് റാഫി, വൈസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.ചന്ദ്രമതി, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി. വി സീമ, സൗദ അഞ്ചില്ലത്ത് എന്നിവരും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. ചടങ്ങില്‍ കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. സജിത്ത് സ്വാഗതവും കാഞ്ഞങ്ങാട് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.ഷബിന്‍ ചന്ദ് നന്ദിയും പറഞ്ഞു.

നീലേശ്വരം നഗരസഭയിലെ കടിഞ്ഞിമൂല, മാട്ടുമ്മല്‍ നിവാസികള്‍ക്ക് നീലേശ്വരം ടൗണിലേക്കും സ്‌കൂളുകളിലേക്കും ആശുപത്രികളിലേക്കും എളുപ്പത്തില്‍ എത്തുവാന്‍ ഈ പാലം വലിയ രീതിയില്‍ ഉപകരിക്കും. നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് XXVII പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1392.1 ലക്ഷം രൂപ ഭരണാനുമതിയോടെയാണ് പാലം പൂര്‍ത്തിയാക്കിയത്. 156.90 മീറ്റര്‍ നീളമുള്ള പാലത്തില്‍ ആറ് സ്പാനുകളും ഇരുവശത്തും നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. പാലം യാഥാര്‍ത്ഥ്യമായതോടെ ഈ പ്രദേശത്തെ നാലായിരത്തോളം കുടുംബങ്ങള്‍ക്ക് 10 കിലോമീറ്ററോളം അധിക ദൂരം ലാഭിക്കാന്‍ സാധിക്കും.

date