Skip to main content

നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം: കാസര്‍കോട് ജില്ലയില്‍ ഗൃഹസന്ദര്‍ശനം ലക്ഷം കടന്നു; ഇതുവരെ സന്ദര്‍ശിച്ചത് 1,13,740 വീടുകള്‍

ജില്ലയില്‍ നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനം പുരോഗമിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകരും നവകേരള കര്‍മസേനയുമാണ് സന്ദര്‍ശനം നടത്തുന്നത് ഇതുവരെ  1,13,740    ഗൃഹ സന്ദര്‍ശനം പൂര്‍ത്തികരിച്ചു.

ഗൃഹസന്ദര്‍ശനത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 87,520 പ്രതികരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 10,687 പുതിയ വീട് സന്ദര്‍ശനങ്ങള്‍ നടന്നു എന്നതും  11,122   പ്രതികരണങ്ങള്‍ ലഭിച്ചു എന്നതും പ്രവര്‍ത്തനങ്ങളുടെ വേഗതയും ജനങ്ങളുടെ സഹകരണവും വ്യക്തമാക്കുന്നു.

സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുമായി നേരിട്ട് ഇടപെട്ട് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കുന്നതിനായി നടത്തുന്ന പരിപാടി ജില്ലയിലുടനീളം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പരിപാടിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലാളികള്‍, ഹരിത കര്‍മസേന പട്ടികജാതി-പട്ടികവര്‍ഗ പ്രൊമോട്ടര്‍മാര്‍, അധ്യാപകര്‍, സര്‍വ്വീസ് സംഘടനകള്‍ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊതുചര്‍ച്ചകളും സംഘടിപ്പിച്ചുവരുന്നു.

ജനങ്ങളിലേക്ക് നേരിട്ടെത്തി, അവരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് വികസന സംവാദങ്ങളില്‍ അവരെ പങ്കാളികളാക്കി, അതുവഴി നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കുന്ന പദ്ധതിയാണ്.   സന്നദ്ധപ്രവര്‍ത്തകര്‍ ഓരോ വാര്‍ഡിലുമുള്ള വീടുകള്‍, ഫ്ളാറ്റുകള്‍, മറ്റ് താമസസ്ഥലങ്ങള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, തൊഴില്‍ശാലകള്‍, കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകള്‍, ബസ്, ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങി വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തി പഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.

 പ്രദേശിക വികസനാവശ്യങ്ങള്‍, നിലവിലുള്ള പദ്ധതികളുടെ പോരായ്മകള്‍, ക്ഷേമപദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍, സര്‍ക്കാര്‍ സംരംഭങ്ങളെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് സാമൂഹ്യജീവിതത്തിലെ വിവിധ പ്രശ്നങ്ങളെയും പ്രതിപാദിക്കും.
 

date