Skip to main content

അടുക്കളകള്‍ക്ക് പുതുജീവനേകാന്‍ 'ഈസി കിച്ചന്‍'

സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'ഈസി കിച്ചന്‍' പദ്ധതി അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗുണഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായി മാറുന്നു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമസഭ മുഖേന തെരഞ്ഞെടുക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളുടെ അടുക്കളകള്‍ ആധുനികവല്‍ക്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുക്കള നവീകരണത്തിനായി ഓരോ ഗുണഭോക്താവിനും 75,000 രൂപ വീതം സാമ്പത്തിക സഹായം നല്‍കുന്നു.

പദ്ധതിയുടെ ഭാഗമായി തറയില്‍ സെറാമിക് ടൈല്‍ പാകല്‍, ഗ്രാനൈറ്റ് കിച്ചന്‍ സ്ലാബ് സ്ഥാപിക്കല്‍, എം.ഡി.എഫ് കബോര്‍ഡ് നിര്‍മ്മാണം, കിച്ചന്‍ സിങ്ക് സ്ഥാപിക്കല്‍, വാട്ടര്‍ ടാങ്ക് നിര്‍മ്മാണം, പ്ലാസ്റ്ററിംഗ്, പെയിന്റിംഗ്, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍, അടുപ്പ് നിര്‍മ്മാണം തുടങ്ങിയ സമഗ്ര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്തില്‍ 23 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.

പദ്ധതിയുടെ ഭാഗമായി ഗുണഭോക്താവായ ബി.എം നസീമയുടെ ഭവനത്തില്‍ നടന്ന നോമ്പുതുറ ചടങ്ങോടനുബന്ധിച്ച് ആധുനികവല്‍ക്കരിച്ച അടുക്കളയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി കുടുംബത്തോടൊപ്പം നോമ്പുതുറ വിഭവം സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നടത്തിയത്. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി കാവ്യ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കുഞ്ഞാമിന പഞ്ചായത്ത് മെമ്പര്‍ സി.പി. സുബൈര്‍, അസിസ്റ്റന്റ് സെക്രട്ടറി ടി.ഷൈജു, മുന്‍ മെമ്പര്‍ ഇര്‍ഷാദ്, പഞ്ചായത്തിലെ ഉദ്യോഗസ്ഥരായ രാജേഷ്, പി.വി നയനേഷ്,  പ്രമോദ്, വി.ജിജേഷ്,ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. വി.ഇ.ഒ ഓഫീസ് മുഖാന്തരമാണ് പദ്ധതി നിര്‍മ്മാണം നടത്തിയത്.

date