മനോഹര മധൂര്‍' പദ്ധതിയുമായി മധൂര്‍ പഞ്ചായത്ത് ബജറ്റ്; കാര്‍ഷിക-സേവന മേഖലകള്‍ക്ക് മുന്‍ഗണന
ത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് കെ. ഭാനുപ്രകാശ് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് സുജ്ഞാനി എസ്. ഷാന്‍ബോഗ് അധ്യക്ഷത വഹിച്ചു.
ദീര്‍ഘ വീക്ഷണത്തോടെയുള്ളതും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതുമായ പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. ഗ്രാമസഭകളില്‍ നിന്ന് ഉയര്‍ന്നുവന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് പദ്ധതികള്‍ രൂപീകരിച്ചിരിക്കുന്നത്. പിന്നോക്ക വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, വയോധികര്‍, നിരാലംബരായ രോഗികള്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ക്ഷേമത്തിന് ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. തനത് ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നികുതി പിരിവ് ഊര്‍ജ്ജിതമാക്കാനും ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കാനും തീരുമാനിച്ചു. 100 ശതമാനം നികുതി പിരിവും പദ്ധതി വിനിയോഗവും കൈവരിച്ച് മധൂരിനെ മികച്ച പഞ്ചായത്താക്കി മാറ്റുകയാണ് ഭരണസമിതിയുടെ ലക്ഷ്യം.
ബജറ്റ് കണക്കുകള്‍ പ്രകാരം 34.80 കോടി രൂപ വരവും 26.24കോടി രൂപ ചെലവും 8.55 കോടി രൂപ മിച്ചവുമാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ വാര്‍ഷിക പദ്ധതി ചെലവിനായി 9.19കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്ലാന്‍ ഫണ്ടായി പൊതുവിഭാഗത്തില്‍ 4.37 കോടി രൂപയും പട്ടികജാതി ഘടക പദ്ധതിക്കായി 57.91 ലക്ഷം രൂപയും പട്ടികവര്‍ഗ്ഗ ഘടക പദ്ധതിക്കായി 15.04 ലക്ഷം രൂപയും മാറ്റിവെച്ചു.
മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ റോഡുകള്‍ക്ക് 2.24 കോടി രൂപയും ഇതര വിഭാഗങ്ങള്‍ക്ക് 88.24 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയ്ക്ക് 1.02 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. വന്യ മൃഗശല്യം തടയാന്‍ സോളാര്‍ ഫെന്‍സിംഗിന് 50 ശതമാനം സബ്സിഡി നല്‍കും. കവുങ്ങ് കൃഷിയെ ബാധിക്കുന്ന മഞ്ഞളിപ്പ് രോഗത്തിനുള്ള മരുന്നിന് 100 ശതമാനം സബ്സിഡിയും കേടായ കവുങ്ങുകള്‍ മുറിച്ചുമാറ്റുന്നതിനും പുതിയ തൈകള്‍ നല്‍കുന്നതിനും ധനസഹായം നല്‍കും.
പ്രിസിഷന്‍ ഫാമിംഗ് എന്ന നൂതന കൃഷിരീതി 20 ഏക്കറിലധികം സ്ഥലത്ത് നടപ്പിലാക്കാനും മണ്ണൊലിപ്പ് തടയാന്‍ രാമച്ചം കൃഷി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. സേവന മേഖലയില്‍ റോഡുകളുടെ വികസനത്തിനായി 2.34 കോടി രൂപയും ശുചിത്വ മേഖലയില്‍ മാലിന്യ സംസ്‌കരണത്തിനായി 42 ലക്ഷം രൂപയും നീക്കിവെച്ചു. ജി ബിന്‍, റിംഗ് കമ്പോസ്റ്റ്, ബോട്ടില്‍ ബൂത്ത്, മിനി എം.സി.എഫ് എന്നിവ ഇതിലൂടെ സ്ഥാപിക്കും. നേരത്തെ അനുവദിച്ച 80 ലക്ഷം രൂപയുടെ എം.സി.എഫ് നിര്‍മ്മാണത്തിന് പുറമെയാണിത്.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ ഗോപാലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ മാധവ മാസ്റ്റര്‍, കെ.പി ദാക്ഷായണി , വാര്‍ഡ് അംഗങ്ങളായ മജീദ് പട്ല, എം.ആര്‍ യോഗീഷ , അമീറ റഹ്നാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സുകുമാര്‍ കുദ്രേപ്പാടി,അഗ്രികള്‍ച്ചര്‍ ഓഫീസര്‍ നഫീസത്ത് ഹംഷീന, അസി. എഞ്ചിനീയര്‍ ഡി അനന്തുരാജ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി നീതു ഷിജിമോന്‍ സ്വാഗതവും അക്കൗണ്ടന്റ് പി. കൃഷ്ണപ്രിയ നന്ദിയും പറഞ്ഞു.
- Log in to post comments