ട്രൈബല്‍ പ്ലസ് പദ്ധതി; ജില്ലയില്‍ 1643 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി സംസ്ഥാന സര്‍ക്കാരിന്റെ 'ട്രൈബല്‍ പ്ലസ്' പദ്ധതി. കേന്ദ്രം അനുവദിക്കുന്ന 100 തൊഴില്‍ദിനങ്ങള്‍ക്ക് പുറമെ അധികമായി 100 ദിവസങ്ങള്‍ കൂടി നല്‍കുന്ന ഈ പദ്ധതിയിലൂടെ ജില്ലയിലെ 1,643 കുടുംബങ്ങള്‍ക്ക് ട്രൈബല്‍ പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 41509 അധിക തൊഴില്‍ദിനങ്ങള്‍ നല്‍കി. പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ജില്ലയില്‍ ആകെ 18,403 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കാണ് തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി ഇതുവരെ ജില്ലയില്‍ ട്രൈബല്‍ കുടുംബങ്ങള്‍ക്ക് ആകെ 5,94,535 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. 1904 ട്രൈബല്‍ കുടുംബങ്ങള്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കി.പട്ടികവര്‍ഗ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാനും കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ട്രൈബല്‍ പ്ലസ് പദ്ധതി വഴിയൊരുക്കും.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടിക വര്‍ഗക്കാരായ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കുന്ന പദ്ധതിയാണ് ട്രൈബല്‍ പ്ലസ്. ഒരു വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലെ 100 ദിന തൊഴിലിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 100 ദിവസം തൊഴിലും അധികമായി ഇവര്‍ക്ക് ലഭിക്കും. കൂടാതെ മുഴുവന്‍ എസ് ടി കുടുംബങ്ങള്‍ക്കും തൊഴില്‍ കാര്‍ഡ് ഉറപ്പ് വരുത്തുകയും ഓരോ കുടുംബത്തിന്റെയും തൊഴില്‍ കാര്‍ഡില്‍ പരമാവധി കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്യും.
- Log in to post comments