സിവില്‍ സര്‍വീസ് സ്വപ്നങ്ങള്‍ക്ക് ഒരു കിടിലന്‍ 'ഐഡിയ'; വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പദ്ധതികളുമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത്
സിവില്‍ സര്‍വീസ് ആണോ ലക്ഷ്യം? കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പക്കലുണ്ട് ഒരു കിടിലന്‍ 'ഐഡിയ'! ജില്ലയിലെ വിദ്യാര്‍ത്ഥികളുടെ സിവില്‍ സര്‍വീസ് മോഹങ്ങള്‍ക്ക് കരുത്തേകാര്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പുതിയ ബഡ്ജറ്റില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ഐഡിയ (IDEA - IAS Development ആന്റ് Empowerment Academy)
ജില്ലയില്‍ പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പരമ്പരാഗത ഡിഗ്രി കോഴ്‌സുകളിലേക്ക് തിരിയുന്നതാണ് കാലങ്ങളായുള്ള പ്രവണത. ഇതിനൊരു മാറ്റം വരുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് ജില്ലാ പഞ്ചായത്ത് പുതിയ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
ബിരുദ പഠനത്തോടൊപ്പം തന്നെ സിവില്‍ സര്‍വീസ് ലക്ഷ്യമാക്കി നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയിലൂടെ. കൃത്യമായ മാനദണ്ഡങ്ങളോടെയാകും പദ്ധതിയിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുക. ഇതിനായി ജില്ലയില്‍ പ്രത്യേക അഭിരുചി, സ്‌ക്രീനിംഗ് പരീക്ഷകള്‍ സംഘടിപ്പിക്കും. ഇതില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കും. ജില്ലയില്‍ നിലവില്‍ സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്ന പ്രമുഖ സ്ഥാപനങ്ങളുമായി സംയുക്തമായി ചേര്‍ന്നായിരിക്കും ജില്ലാ പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുക. മികച്ച അക്കാദമിക് പിന്തുണ ഉറപ്പാക്കാന്‍ ഇത് സഹായിക്കും.
വിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ പുരോഗതി ലക്ഷ്യമാക്കി 10.03 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 'ഐഡിയ' സിവില്‍ സര്‍വീസ് പരിശീലന പദ്ധതി. സാമ്പത്തിക പിന്നോക്കാവസ്ഥ ഇനി കാസര്‍കോട്ടെ കുട്ടികളുടെ സിവില്‍ സര്‍വീസ് സ്വപ്നങ്ങള്‍ക്ക് തടസ്സമാകില്ല. അറിവും കഴിവുമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് മികച്ച പരിശീലനം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ.
- Log in to post comments