Skip to main content
പ്രക്കാനം വോളിബോള്‍ അക്കാദമി ഹോസ്റ്റല്‍ കെട്ടിട ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

കായികതാരങ്ങളെ ചേര്‍ത്തു പിടിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി വീണാ ജോര്‍ജ് പ്രക്കാനം വോളിബോള്‍ അക്കാദമി ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു

കായിക താരങ്ങളെ ചേര്‍ത്തുപിടിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രക്കാനം വോളിബോള്‍ അക്കാദമി ഹോസ്റ്റല്‍ കെട്ടിട ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജൂണ്‍ മുതല്‍ വിദ്യാര്‍ഥികള്‍ അക്കാദമിയിലെത്തും. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാല്‍ അക്കാദമിയുടെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. പരിശീലനത്തിനുള്ള സൗകര്യവും കായിക താരങ്ങള്‍ക്ക് ജോലിയും ഉറപ്പാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപ ചെലവിലാണ് ഹോസ്റ്റല്‍ നിര്‍മിച്ചത്.
കായിക മേഖലയ്ക്ക് പുതുചലനം സൃഷ്ടിക്കാന്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ആധുനിക സൗകര്യങ്ങളുള്ള ജില്ല സ്റ്റേഡിയം ഉടന്‍ നാടിനു സമര്‍പ്പിക്കും.  സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഗ്യാലറിയും നീന്തല്‍ കുളത്തിന്റെ ആദ്യ ഘട്ടവും പൂര്‍ത്തിയായി. ഫുട്ബോള്‍ ടര്‍ഫ് നിര്‍മാണം പുരോഗമിക്കുന്നു. രണ്ടാം ഘട്ടമായി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കും. ജില്ലയിലെ കായിക പ്രതിഭകള്‍ക്ക് മികച്ച പരിശീലന സൗകര്യം ഉറപ്പാക്കും. വിവിധ കായിക ഇനങ്ങളില്‍ യുവജനങ്ങളെ  പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ജില്ലയിലെ കായിക മേഖലയെ കൂടുതല്‍ സജീവമാക്കാന്‍ സ്റ്റേഡിയത്തിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
സ്വാഗതസംഘം ചെയര്‍മാന്‍ പ്രൊഫ. ടി കെ ജി നായര്‍ അധ്യക്ഷനായി. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്ന ബാബു, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍  പ്രസിഡന്റ് കെ അനില്‍കുമാര്‍, സെക്രട്ടറി അമല്‍, സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്‍ ട്രഷറര്‍ ഡോ. റജനോള്‍ വര്‍ഗീസ്, ഒളിമ്പിക്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ആര്‍ പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date