തുമ്പമണ്‍ താഴം - മണ്ണാകടവ് പാലം നാടിന്റെ വികസനത്തിന് ശക്തി പകരുന്നത് : മന്ത്രി റോഷി അഗസ്റ്റിന്‍ തുമ്പമണ്‍ താഴം - മണ്ണാകടവ് പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു യാഥാര്‍ത്ഥ്യമായത് തുമ്പമണ്‍, കുളനട നിവാസികളുടെ നിരന്തര ആവശ്യം : മന്ത്രി വീണാ ജോര്‍ജ്
തുമ്പമണ്‍ താഴം - മണ്ണാകടവ് പാലം നാടിന്റെ വികസനത്തിന് ശക്തി പകരുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അടിയന്തര ഘട്ടത്തില്‍ ആശുപത്രിയിലും മറ്റും എത്തിച്ചേരുന്നതിന് കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയ്ക്ക് പരിഹാരമാവുകയാണ്. ആറന്മുള, അടൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചിട്ടുള്ള പാലം ഏറെ പ്രതിസന്ധി ഉണ്ടായെങ്കിലും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
തുമ്പമണ്‍, കുളനട നിവാസികളുടെ നിരന്തര ആവശ്യമാണ് പാലം നിര്‍മിച്ചതിലൂടെ യാഥാര്‍ത്ഥ്യമായതെന്ന് മണ്ണാകടവ് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷയായ ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എംഎല്‍എ ഫണ്ടില്‍ നിന്ന് പാലം നിര്‍മാണത്തിനായി തുക അനുവദിച്ചെങ്കിലും കൂടുതല്‍ തുക ആവശ്യമായതിനാല്‍ ബജറ്റില്‍ വകയിരുത്തി. പ്രളയത്തെ തുടര്‍ന്ന് പാലത്തിന്റെ ഉയരത്തിലും സമീപന പാതയിലും മാറ്റം വരുത്തേണ്ടതിനാല്‍ വീണ്ടും തുക ആവശ്യമായി വന്നു. ജലവിഭവ വകുപ്പ് മന്ത്രിയുടെ കൃത്യമായ ഇടപെടല്‍ ഇതിന് സഹായിച്ചു. നാട്ടുകാരുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചെന്നും മന്ത്രി പറഞ്ഞു. പാലത്തിന്റെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു.
ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എസ് ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആറന്മുള, അടൂര്‍ നിയോജക മണ്ഡലങ്ങളെ അതിരിടുന്ന അച്ഛന്‍കോവിലാറിന് കുറുകെ മണ്ണാകടവിലാണ് തുമ്പമണ്‍ താഴം- മണ്ണാകടവ് പാലം. 2020- 21 കേരള ബജറ്റില്‍ മൂന്ന് കോടി രൂപയും 2018 പ്രളയത്തെ തുടര്‍ന്ന് പാലത്തിന്റെ ഉയരത്തിലും സമീപന പാതയിലും മാറ്റം വരുത്തിയതിന്റെ ഫലമായി വന്ന അധിക തുക 2.28 കോടി രൂപയും കൂടി ഉള്‍പ്പെടുത്തി ആകെ 5.28 കോടി രൂപ പാലത്തിനായി സര്‍ക്കാര്‍ അനുവദിച്ചാണ് നിര്‍മാണം. രണ്ടു സ്പാനുകള്‍ ജലത്തിലും രണ്ടു സ്പാനുകള്‍ കരയിലുമായി നിര്‍മിച്ചിരിക്കുന്ന പാലത്തിന്റെ ആകെ നീളം 84 മീറ്ററാണ്. ഇരുകരകളിലുമായി രണ്ട് അബട്മെന്റുകളും മധ്യഭാഗത്തായി മൂന്നു തൂണുകളും ഉള്ള പാലത്തിന്റെ ക്യാരേജ്വെയുടെ വീതി 4.25 മീറ്റര്‍ ആണ്. പന്തളം ( തുമ്പമണ്‍) ഭാഗത്തേയ്ക്ക് 40 മീറ്റര്‍ നീളത്തിലും കുളനട ഭാഗത്തേക്ക് 30 മീറ്റര്‍ നീളത്തിലും രണ്ട് പ്രധാന സമീപന പാതകളുമുണ്ട്. തീര സംരക്ഷണത്തിനായി ആറിന്റെ കരയില്‍ 32 മീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയും ഇരുകരകളിലെ പ്രധാന സമീപന പാതകളുടെ വശങ്ങളില്‍ ഡ്രെയിനേജ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എ രാജേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സവിത അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വിലാസിനിയമ്മ, കുളനട ഗ്രാമപഞ്ചായത്ത് അംഗം ലാലമ്മ വര്‍ഗീസ്, പത്തനംതിട്ട ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments