Skip to main content
ഗ്രാന്‍ഡ് പത്തനംതിട്ട ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കുന്നു

'ഗ്രാന്‍ഡ് പത്തനംതിട്ട ഷോപ്പിംഗ് ഫെസ്റ്റിവല്‍ 2026' ന് ആരംഭം വ്യാപാരത്തിന്റെ ഉത്സവമേള എന്ന് മന്ത്രി വീണാ ജോര്‍ജ്

'ഗ്രാന്‍ഡ് പത്തനംതിട്ട ഷോപ്പിംഗ് ഫെസ്റ്റിവല്‍ 2026' ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്തു. ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ പത്തനംതിട്ട കൂടുതല്‍ സജീവമാകുമെന്നും അടുത്ത 45 ദിവസം വ്യാപാരത്തിന്റെ ഉത്സവമേള ആയിരിക്കും എന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ആദ്യമായാണ് ഈ രീതിയില്‍ വ്യാപാരമേള സംഘടിപ്പിക്കുന്നത്. 2026 ഏപ്രില്‍ 15 വരെയാണ് മേള. വ്യാപാര മേഖലയില്‍ വലിയ ഉണര്‍വ് സൃഷ്ടിക്കുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലയിലും പരമാവധി വിലക്കുറവിലും സാധനം ലഭ്യമാക്കുന്നതിലൂടെ ഇരുകൂട്ടര്‍ക്കും ഗുണകരമായിരിക്കും വ്യാപാരമേള. തിരഞ്ഞെടുക്കപ്പെട്ട വ്യാപാരികള്‍ അവരുടെ സ്ഥാപനങ്ങളില്‍ മേളയുടെ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് സ്ഥാപനം അലങ്കരിച്ച് മേളയുടെ കൂപ്പണുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. ഉപഭോക്താക്കള്‍ സ്ഥാപനത്തില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോപ് ബോക്സില്‍ പൂരിപ്പിച്ച കൂപ്പണുകള്‍ നിക്ഷേപിക്കും.
എല്ലാ ആഴ്ചയിലും സമ്മാനം ഉണ്ട്. ഒന്നാം സമ്മാനം ആള്‍ട്ടോ കാറാണ്. ഒപ്പം മറ്റു നൂറോളം സമ്മാനങ്ങളും. പത്തനംതിട്ട കേരള വ്യാപാരി വ്യവസായ ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി, ഗോള്‍ഡ് മര്‍ച്ചന്റ് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകള്‍ മേളയുടെ ഭാഗമാണ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി ടി അഹമ്മദ് അധ്യക്ഷനായി. വ്യാപാരി വ്യവസായി  ഏകോപനസമിതി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പ്രസാദ് ജോണ്‍ മാമ്പ്ര, വ്യാപാരി വ്യവസായി സമിതി ഭാരവാഹി അബ്ദുള്‍ റഹിംമാക്കര്‍, വ്യാപാരി സംഘടന പ്രതിനിധികളായ അഷറഫ് അലങ്കാര്‍, സലിം കുമാര്‍, സുമേഷ് ഐശ്വര്യ എന്നിവര്‍ പങ്കെടുത്തു.

date