Skip to main content
വായനശാലകള്‍ക്ക് പുസ്തകങ്ങളും കമ്പ്യൂട്ടറുകളും വിതരണം ചെയ്തു

വായനശാലകള്‍ക്ക് പുസ്തകങ്ങളും കമ്പ്യൂട്ടറുകളും വിതരണം ചെയ്തു

 

ജില്ലയിലെ വായനശാലകള്‍ക്ക് നല്‍കുന്ന പുസ്തകങ്ങളുടെയും കമ്പ്യൂട്ടറുകളുടേയും കണ്ണൂര്‍ മണ്ഡലത്തിലെ ലൈബ്രറികള്‍ക്കും ഹൈസ്‌കൂളുകള്‍ക്കുമുള്ള പുസ്തകങ്ങളുടെയും വിതരണോദ്ഘാടനം രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. വായനശാലകള്‍ വിജ്ഞാനത്തിന്റെ ഭണ്ഡാരങ്ങളാണെന്നും മാറുന്ന കാലത്തിനനുസരിച്ച് അറിവിന്റെ വിതരണ കേന്ദ്രങ്ങളായ വായനശാലകള്‍ പരിഷ്‌കരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് കണ്ണൂര്‍ മണ്ഡലത്തിലെ എല്ലാ ലൈബ്രറികള്‍ക്കും തെരഞ്ഞെടുത്ത ഹൈസ്‌കൂളുകള്‍ക്കും പുസ്തകങ്ങള്‍ നല്‍കിയത്. ജില്ലയിലെ എല്ലാ വാര്‍ഡുകളിലും മികച്ച വായനശാലകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പീപ്പിള്‍സ് മിഷന്‍ നടപ്പാക്കുന്ന പദ്ധതിയുടെ തുടര്‍ച്ചയായാണ് ജില്ലയിലെ തെരഞ്ഞെടുത്ത വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കിയത്. 20,000 രൂപ മുതല്‍ 25,000 രൂപ വരെ മുഖവില വരുന്ന പുസ്തകങ്ങളാണ്  ഓരോ വായനശാലകള്‍ക്കും നല്‍കിയത്. ജില്ലയില്‍ പുതുതായി ആരംഭിച്ച 50 ലധികം വായനശാലകള്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ആറ് വായനശാലകള്‍ക്കാണ്  കമ്പ്യൂട്ടറുകള്‍ നല്‍കിയത്. 

ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷനായി. പീപ്പിള്‍സ് മിഷന്‍ കണ്‍വീനര്‍ ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍, കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ.സി സുനില്‍ മാസ്റ്റര്‍, കണ്ണൂര്‍ സര്‍വകലാശാല ലൈബ്രറി സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എ.വി രമ്യ, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ വിജയന്‍, പീപ്പിള്‍സ് മിഷന്‍ സെക്രട്ടറി ഡോ. ആര്‍.വി ബിന്ദു എന്നിവര്‍ പങ്കെടുത്തു.

date