അറിയിപ്പുകള്‍
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
ജില്ലാ ഹോമിയോ ആശുപത്രിയില്‍ കരാറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനത്തിന് മാര്‍ച്ച് ഒമ്പതിന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.എസ്.സി /യു.ജി.സി അംഗീകൃത സര്‍വകലാശാലയില്‍നിന്ന് തത്തുല്യ യോഗ്യത അല്ലെങ്കില്‍ സൈക്കോളജിയില്‍ എം.എ/എം.എസ്.സി/തത്തുല്യം, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍/തത്തുല്യം, റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രജിസ്‌ട്രേഷന്‍. പ്രായപരിധി: 2026 മാര്‍ച്ച് ഒന്നിന് 40 വയസ്സ് കവിയരുത്. രേഖകള്‍ സഹിതം വെസ്റ്റ് ഹില്‍ ചുങ്കത്തെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തണം.
ടെണ്ടര്‍ ക്ഷണിച്ചു
അഴീക്കല്‍ ലൈറ്റ് ഹൗസിലെ സിഗ്‌നല്‍ ലൈറ്റിന്റെ ബാറ്ററി മാറ്റി പുതിയത് സ്ഥാപിക്കാന്‍ ബൈബാക്ക് വ്യവസ്ഥയില്‍ ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 16ന് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2414863, ഇ-മെയില്‍: portofficekkd@gmail.com
റാങ്ക് പട്ടിക റദ്ദാക്കി
ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ആക്സിലറി നഴ്സ് മിഡ്‌വൈഫ് (കാറ്റഗറി നമ്പര്‍: 070/2020) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
സ്പോര്‍ട്‌സ് കൗണ്‍സില്‍ സമ്മര്‍ ക്യാമ്പ്
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ 13 കായിക ഇനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വേനല്‍ക്കാല ക്യാമ്പ് സംഘടിപ്പിക്കും. അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ളവര്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളിലാണ് ക്യാമ്പ്. ഏപ്രില്‍ മൂന്നിന് ആരംഭിച്ച് മെയ് 23ന് അവസാനിക്കും. ഫുട്ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ്ബോള്‍, ടേബിള്‍ടെന്നീസ്, ബോക്‌സിങ്, ജിംനാസ്റ്റിക്സ്, ചെസ്, വോളിബോള്‍, സ്‌കേറ്റിങ്, സ്വിമ്മിങ്, തയ്‌കോണ്‍ഡോ, പവര്‍ലിഫ്റ്റിങ്, ക്രിക്കറ്റ്, വുഷു തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ www.sportscouncilkozhikode.com ലും 8078182593, 0495 2722593 നമ്പറുകളിലും ലഭിക്കും.
ജലവിതരണം മുടങ്ങും
കുരുവട്ടൂര്‍, കുന്ദമംഗലം, കക്കോടി ടാങ്കുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മാര്‍ച്ച് ഒമ്പത്, പത്ത് തീയതികളില്‍ ഈ പഞ്ചായത്തുകളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ബിരുദം. പ്രിന്റ് മീഡിയ, ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ, വാര്‍ത്താ അവതരണം, ആങ്കറിങ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിങ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. പഠനകാലയളവില്‍ അംഗീകൃത മാധ്യമസ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനവും ഇന്റേണ്‍ഷിപ്പ് അവസരവും ലഭിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പ്ലേസ്‌മെന്റ്് സപ്പോര്‍ട്ടും ലഭിക്കും. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ കെല്‍ട്രോണ്‍ പരിശീലന കേന്ദ്രങ്ങളില്‍ മാര്‍ച്ച് 16 വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182.
സ്റ്റാഫ് നഴ്‌സ് നിയമനം
സംസ്ഥാന സര്‍ക്കാര്‍ കേരള സാമൂഹിക സുരക്ഷാ മിഷന്‍ വഴി നടപ്പാക്കുന്ന വയോമിത്രം പദ്ധതിയില്‍ ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ ദിവസവേതനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കും. യോഗ്യത: ജനറല്‍ നഴ്‌സിങ്/ബി.എസ്.സി നഴ്‌സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. പാലിയേറ്റീവ് രംഗത്ത് പ്രവര്‍ത്തിച്ചവര്‍ക്കും മുതിര്‍ന്ന പൗരന്മാരുടെ പരിചരണത്തില്‍ പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി: 50 വയസ്സില്‍ താഴെ. ഫോണ്‍: 9349668889.
ജ്വാല വനിതാ ഫെസ്റ്റ് ഇന്ന്
ജില്ലാ പഞ്ചായത്തിന്റെ വനിതാ സൗഹൃദ കൂട്ടായ്മ പദ്ധതിയുടെ ഭാഗമായി വനിത-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജ്വാല വനിതാ ഫെസ്റ്റ് ഇന്ന് (മാര്‍ച്ച് 7) രാവിലെ 10ന് വെള്ളിമാട്കുന്ന് ജന്‍ഡര്‍ പാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ കെ നവാസ് അധ്യക്ഷനാകും. വ്‌ളോഗര്‍ മീത്ത്മിരി മുഖ്യാതിഥിയാകും.
'ജെന്‍ഡര്‍ നീതി ഉറപ്പാക്കല്‍: കരുത്തുറ്റ ഇടപെടലുകള്‍' വിഷയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന ഓപണ്‍ ഫോറം, വിവിധ ബ്ലോക്കുകളിലെ വനിതകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, സംസ്ഥാന അവാര്‍ഡ് നേടിയ അങ്കണവാടി പ്രവര്‍ത്തകരെയും സൂപ്പര്‍വൈസര്‍മാരെയും ആദരിക്കല്‍, സംസ്ഥാനതല കത്തെഴുത്ത് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
പൊതുതെളിവെടുപ്പ്
വടകര താലൂക്ക് മരുതോങ്കര വില്ലേജിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് മാര്‍ച്ച് 10ന് രാവിലെ 11ന് കുറ്റ്യാടി മെഹ്ഫില്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ അറിയിച്ചു.
ലിഫ്റ്റ് ഓപറേറ്റര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് ലിഫ്റ്റ് ഓപറേറ്റര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 10ന് രാവിലെ 11ന് ആശുപത്രി വികസന സൊസൈറ്റി ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0495 2355900.
- Log in to post comments