കുട്ടനാടിനുള്ള കരുതൽ : പദ്ധതികളുടെ നീണ്ട പട്ടിക
കേരളത്തിന്റെ സമഗ്ര വികസനത്തിൽ കുട്ടനാടൻ ജനതയോടുള്ള സർക്കാരിന്റെ പ്രതിബന്ധത ശ്രദ്ധേയമാണ്. അതിൽ ഇന്ന് മുഖ്യമന്ത്രിയാൽ ഉദ്ഘാടനം ചെയ്യപ്പെട്ട എ.സി.റോഡ് സംസ്ഥാനത്തെ ഏറ്റവും വലിയ റോഡ് നിർമാണങ്ങളിലൊന്നാണ്. 2018 ലെ വെള്ളപ്പൊക്കത്തിൽ തകർന്ന് മുങ്ങിയ എ.സി റോഡിനെ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി സർക്കാർ പുനർജ്ജീവിപ്പിക്കുകയായിരുന്നു. കുട്ടനാട് നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത എസി റോഡും പടഹാരം പാലവും വേറിട്ട് നിൽക്കുന്ന പദ്ധതികൾ തന്നെ. സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം, വീയപുരം-മുളക്കാംതുരുത്തി റോഡ്, കാവാലം തട്ടാശ്ശേരി പാലം എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച നിർവഹിച്ചു.
ഇന്ന് ഉദ്ഘാടനം ചെയ്ത വിവിധ പദ്ധതികൾ
1. ആലപ്പുഴ-ചങ്ങനാശേരി റോഡ്
ആലപ്പുഴ ജില്ലയേയും കോട്ടയം ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്. എം.സി. റോഡിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി-പെരുന്നജംഗ്ഷനിൽ നിന്നും തുടങ്ങി ആലപ്പുഴ ജില്ലയിലെ ദേശീയപാത 66 ലെ കളർകോട് ജംഗ്ഷൻ വരെയുള്ള 24.164 കിലോമീറ്റർ നീളത്തിലുള്ള റോഡാണ് 752 കോടി രൂപ ചെലവഴിച്ച് റീ ബിൽഡ് കേരള പദ്ധതി പ്രകാരം പുനർ നിർമ്മിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവർത്തി ഏറ്റെടുത്ത് പൂർത്തീകരിച്ചത്.
10 മീറ്റർ വീതിയുള്ള റോഡിന് ഇരുവശവും ടൈൽ പാകിയ നടപ്പാതയും ഓടയും കൂടാതെ വലത് വശത്ത് യൂട്ടിലിറ്റി ഡക്ട് ഉൾപ്പെടെ നാല് മേജർ പാലങ്ങളും, 14 മൈനർ പാലങ്ങളും, അഞ്ച് ഫ്ളൈ ഓവറുകളും, മൂന്നു കോസ്‌വേകളും, 73 കലുങ്കുകളും 48 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും, തെരുവ് വിളക്കുകൾ സ്ഥാപിക്കലും, ദിശാ ബോർഡുകളും, സൂചനാബോർഡുകളും,അപകട സൂചനാബോർഡുകളും ഈ പ്രവർത്തിയിൽ ഉൾപ്പെടുത്തി നടത്തിയിട്ടുണ്ട്. റോഡിൽ സുരക്ഷാ ക്രമീകരണങ്ങളും, റോഡ് മാർക്കിങ്ങും, റോഡ് സ്റ്റഡ് സ്ഥാപിക്കലും നവീകരണ പ്രവർത്തിയുടെ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ട്.
2. പടഹാരം പാലം
കുട്ടനാട് നിയോജകമണ്ഡലത്തിൽ പമ്പയാറിൻ്റെ കൈവഴിയായ പൂക്കൈതയാറിന് കുറുകെ നെടുമുടി-തകഴി ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. കിഫ്ബിയുടെ ധനസഹായത്തോടെ നിർമ്മിച്ച 453 മീറ്റർ നീളമുള്ള പാലത്തിൻ്റെ പൂർത്തീകരണത്തോടെ എ.സി. റോഡിൽ നിന്നും അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിലേയ്ക്കുള്ള ബൈപ്പാസ് ആണ് സാധ്യമായിരിക്കുന്നത്. 2020 ജൂൺ മാസം ആരംഭിച്ച പ്രവൃത്തിയാണ് നിലവിൽ പൂർത്തീകരിച്ചിട്ടുള്ളത്. വിനോദസഞ്ചാരത്തിന് കൂടി പ്രാധാന്യം നൽകിക്കൊണ്ട് രണ്ട് നിലകളിലായി നിർമ്മിച്ചിട്ടുള്ള പാലത്തിന് താഴത്തെ നിലയിൽ നടപ്പാതയും എട്ട് വാച്ച് ടവറുകളും ഉണ്ട്.
3. സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി; നീരേറ്റുപുറം പ്രധാന പ്ലാന്റിന്റെ 65 ശതമാനം പ്രവർത്തികൾ പൂർത്തീകരിച്ചു
കുട്ടനാട്ടിലെ എല്ലാ കുടുംബങ്ങളിലും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് 615 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള സമഗ്ര കുട്ടനാട് കുടിവെള്ള പദ്ധതി നടപ്പിലാക്കിവരുന്നത്.
തലവടി പഞ്ചായത്തിലെ നീരേറ്റുപുറത്ത് പമ്പയാറിൻ്റെ തീരത്തുള്ള ജലശുദ്ധീകരണ ശാലയിൽ നിന്നും 13 ഗ്രാമപഞ്ചായത്തുകളിലെ ഓവർഹെഡ് ടാങ്കുകളിലേയ്ക്കുള്ള പ്രധാന പൈപ്പ് ലൈൻ പ്രവൃത്തികൾ 70 കോടി രൂപ വകയിരുത്തി ആദ്യഘട്ടമായി നടപ്പിലാക്കി.
ജൽജീവൻ മിഷന്റെ ഭാഗമായി 64.5 കോടി രൂപ വകയിരുത്തി ഹൗസ് കണക്ഷൻ നൽകുന്നതിനുള്ള പദ്ധതി നടപ്പിലാക്കി വരുന്നു. 6021 ഹൗസ് കണക്ഷണനുകൾ ഇതുവരെ നൽകി. കിഫ്ബി ഫണ്ടിൽ നിന്നും 481 കോടി രൂപ വകയിരുത്തി 13 ഗ്രാമപഞ്ചായത്തുകളിലെ ഓവർഹെഡ് ടാങ്കുകളുടെയും പൈപ്പ് ലൈൻ ശൃംഖലയുടെ നിർമ്മാണവും നടന്നു കൊണ്ടി രിക്കുന്നു. നീരേറ്റുപുറത്തുള്ള പ്രധാനപ്ലാൻ്റിൻ്റെ 65 ശതമാനം പ്രവൃത്തികൾ പൂർത്തികരിക്കുകയും ചെയ്തു.
4. കാവാലം- തട്ടാശേരി പാലം
2016-17 ലെ ബജറ്റിൽ ഉൾപ്പെടുത്തി കിഫ്‌ബി സഹായത്തോടെ പമ്പാ നദിക്ക് കുറുകെ നിർമ്മിക്കുന്ന തട്ടാശേരി പാലം കാവാലം, തട്ടാശേരി കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. എ.സി റോഡിൽ നിന്നും ചങ്ങനാശേരി വഴിയല്ലാതെ കോട്ടയത്ത് നേരിട്ട് എത്തുന്നതിന് തട്ടാശേരി പാലം നിർമ്മാണത്തിലൂടെ സാധിക്കും. നിലവിൽ ജങ്കാറിനെ മാത്രം ആശ്രയി ക്കുന്ന പ്രദേശവാസികൾക്ക് ഇത് വളരെയധികം ഉപകാരപ്രദമാണ്.
5. വീയപുരം-മുളയ്ക്കാന്തുരുത്തി റോഡ്
റീബിൽഡ് കേരളപദ്ധതിയിൽ ഉൾപ്പെടുത്തി 132 കോടി രൂപ വകയിരുത്തി കെ.എസ്.ടി .പി മുഖേനയാണ് നിർവഹണം നടത്തുന്നത്. 21 കിലോമീറ്ററാണ് ആകെ നീളം. കുട്ടനാട് നിയോജകമണ്ഡലത്തിലെ വീയപുരം, എടത്വ, രാമങ്കരി, വെളിയനാട്, കാവാലം, നീലംപേരൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് ചങ്ങനാശേരിയിലെ തുരുത്തിയിൽ അവസാനിക്കുന്നു.
- Log in to post comments