ജവഹര്‍ ബാലഭവനില്‍ 2.88 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം
ജവഹര്‍ ബാലഭവനില്‍ 2.88 കോടി രൂപയുടെ വികസനപദ്ധതികളുടെ നിര്‍മാണോദ്ഘാടനം ബാലഭവന് അമ്മ ഓഡിറ്റോറിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. ബാലഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ സജീവ പിന്തുണ നല്‍കുമെന്ന് പറഞ്ഞു.
രണ്ട് കോടിരൂപ ചെലവില്‍ ബാലഭവന് സുവര്‍ണ ജൂബിലി സ്മാരക ബഹുനില ആസ്ഥാന മന്ദിരം, ശീതീകരണമുള്പ്പടെ ഓഡിറ്റോറിയത്തിന്റെ നവീകരണം, കുട്ടികളുടെ മിനി തിയറ്റര്‍ എന്നിവയാണ് നിര്‍മിക്കുന്നത്. കേരളീയ വാസ്തുശില്പ മാതൃകയില്‍ മൂന്ന് നിലകളിലായാണ് ആസ്ഥാന മന്ദിരം ഒരുക്കുന്നത്. 7238 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജ്, സ്റ്റാഫ് റൂം, ചെയര്മാന് ഓഫീസ് മുറി, രണ്ട് ക്ലാസ് മുറികള്‍, സന്ദര്‍ശക മുറി, ബോര്‍ഡ് റൂം എന്നിവ ഒരുക്കും. രണ്ടാം നിലയില്‍ ആറ് ക്ലാസ് മുറികളും കുട്ടികളുടെ ലൈബ്രറിയും മൂന്നാം നിലയില്‍ ആറ് ക്ലാസ് മുറികളും സമ്മേളനഹാളും ബാല്‍ക്കണിയും സജ്ജീകരിക്കും. ഓരോ നിലകളിലും ആവശ്യമായ ടോയ്ലറ്റ് സൗകര്യവും ഒരുക്കും. 60 ലക്ഷം രൂപ ചെലവിലാണ് ഓഡിറ്റോറിയത്തില്‍ ശീതീകരണം ഉള്‍പ്പടെയുള്ള നവീകരണപദ്ധതികള്‍ നടപ്പാക്കുക. പൊതുമരാമത്ത് വകുപ്പിനാണ് കുട്ടികളുടെ മിനി തീയേറ്ററിന്റെ നിര്‍മാണചുമതല. 28.88 ലക്ഷം രൂപയാണ് പദ്ധതിവിഹിതം.
എം.നൗഷാദ് എംഎല്‍എ അധ്യക്ഷനായി. ബാലഭവന് ചെയര്‍പേഴ്സണ്‍ എസ്.നാസര്‍, മാനേജിംഗ് കമ്മിറ്റി അംഗം ആനയടി പ്രസാദ,് തീരദേശ വികസന കോര്പ്പറേഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ.ജി. ഷിലു, കോര്പ്പറേഷന് കൗണ്‍സിലര്‍ ടി.ഷൈനി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബീന സജീവ്, ഗിരിജാ സുന്ദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments