നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനം- ജില്ലാ കലക്ടര്‍
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചരണത്തിന് ഹരിതചട്ടം കര്‍ശനമായി നടപ്പാക്കുമെന്ന് രാഷ്ട്രീയപാര്‍ട്ടികളുടെ ചിലവ് സംബന്ധിച്ച യോഗത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ ശുചിത്വമിഷന്റെ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം എല്ലാ നിയമസഭാമണ്ഡലങ്ങളിലും നടത്തും. സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍, പോസ്റ്ററുകള്‍, കമാനങ്ങള്‍, സ്റ്റിക്കറുകള്‍ തുടങ്ങിയ എല്ലാ പ്രചരണ ഉപാധികളും നിര്‍മിക്കുന്നതിന് പി വി സി ഫ്‌ളക്‌സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ്, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിംഗോ ഉള്ള പുനചക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കേണ്ടതാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത റീസൈക്കിള്‍ ചെയ്യാവുന്ന പോളി എത്തിലിന്‍, 100 ശതമാനം കോട്ടന്‍ എന്നിവയില്‍ പി വി സി ഫ്രീ, റീസൈക്ലബിള്‍ ലോഗോ, പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് നമ്പര്‍/ ക്യു.ആര്‍ കോഡ് എന്നിവ പതിച്ചുള്ള ബാനറുകള്‍മാത്രം ഉപയോഗിക്കണം.
പ്രചരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടിതോരണങ്ങള്‍ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കണം. അനുവദനീയമായതും നിയമപ്രകാരം നിരോധിച്ചതുമായ മെറ്റീരിയലുകളുടെ സാമ്പിളുകള്‍ ജില്ലാ ശുചിത്വ മിഷന്‍ പ്രതിനിധി യോഗത്തില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥാപിക്കുന്ന ബോര്‍ഡുകളും ബാനറുകളും തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്യുകയും, ചിലവ് ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുകയും ചെയ്യും. സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഹരിതചട്ടം സംബന്ധിച്ച സംശയനിവാരണത്തിന് ജില്ലാ ശുചിത്വമിഷനുമായി ബന്ധപ്പെടാം. ഫോണ്‍: 0474 2791910.
- Log in to post comments