ജില്ലയില്‍ ആട്‌വസന്ത നിര്‍മാര്‍ജനയജ്ഞത്തിന് തുടക്കമായി; കുത്തിവയ്പ് 16 വരെ
ജില്ലയിലെ 59,695 ആടുകള്‍ക്ക് വസന്തരോഗത്തിനെതിരെ കുത്തിവയ്പ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. കൊല്ലം തില്ലേരി പള്ളിഅങ്കണത്തിലയിരുന്നു ആദ്യ കുത്തിവയ്പ്. ദേശീയ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായാണ് പരിപാടി.
2030 ല്‍ രോഗം ഇല്ലാതാക്കുകയാണ് ലക്ഷ്യം. മാര്‍ച്ച് 16 വരെയാണ് കുത്തിവയ്പ്. ജില്ലയില്‍ 166 സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
ആടു ഫാമുകള്‍ കേന്ദ്രീകരിച്ചാണ് കുത്തിവയ്പ്പ.് ഗ്രൂപ്പ് തിരിച്ച് ചെവിയില്‍ ടാഗ് പതിപ്പിക്കും. നാലു മാസത്തില്‍താഴെ പ്രായമുള്ള ആടുകള്‍ക്കും ഗര്‍ഭാവസ്ഥയിലുള്ള ആടുകള്‍ക്കും വാക്‌സിന്‍ നല്‍കില്ല. വൈറസ് രോഗമായ വസന്ത ആടുകളെ പൂര്‍ണമായും കൊന്നൊടുക്കുകയാണ് ചെയ്യുക. രോഗം ബാധിച്ചാല്‍ മറ്റു മരുന്നുകള്‍ പരിഹാരമാകില്ല. സമ്പര്‍ക്കത്തിലൂടെയും തീറ്റയിലൂടെയും വെള്ളത്തിലൂടെയുമൊക്കെയാണ് വൈറസ് ആടുകള്‍ക്ക് പകരുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആര്‍ അരുണ്‍ ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി ഷൈന്‍ കുമാര്‍ അധ്യക്ഷനായി. ഡോ. രമ ജി. ഉണ്ണിത്താന്‍, ഡോ. സിനില്‍കുമാര്‍, ഡോ. ഹരിഷ്മ ബാബു എന്നിവര്‍ സംസാരിച്ചു.
- Log in to post comments