കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ലോഗോ ക്ഷണിച്ചു
* മികച്ച സൃഷ്ടിക്ക് ഒരു ലക്ഷം രൂപ സമ്മാനം
കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിർണ്ണായക ചുവടുവെപ്പാകുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാൻ സംസ്ഥാന സർക്കാർ എൻട്രികൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകും. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ ആഗോള നിലവാരത്തിലുള്ള ഒരു മികവിന്റെ കേന്ദ്രമായി (Centre of Excellence) അടയാളപ്പെടുത്തുന്ന ലോഗോയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രൊഫഷണൽ ഡിസൈനർമാർക്കും ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥികൾക്കും ഡിസൈനിംഗിൽ താല്പര്യമുള്ള പൊതുജനങ്ങൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. അവയവദാന പ്രക്രിയയിലെ മാനുഷിക മൂല്യങ്ങൾ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം എന്നിവയ്ക്കൊപ്പം പുതുജീവൻ, പ്രത്യാശ, കരുണ എന്നീ ആശയങ്ങൾ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികൾക്ക് മുൻഗണന നൽകും. ഡിസൈനുകൾ എ ഫോർ സൈസിൽ എച്ച്.ഡി നിലവാരത്തിൽ പിഡിഎഫ്/ജെപിജി (PDF/JPG) ഫോർമാറ്റിൽ സമർപ്പിക്കണം. താത്പര്യമുള്ളവർ മാർച്ച് 13 നകം ലോഗോകൾ pmukiot@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ലോഗോയ്ക്കൊപ്പം അപേക്ഷകന്റെ പേര്, വിലാസം, ഫോൺ നമ്പർ, ലോഗോയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവ ഉൾപ്പെടുത്തണം. ഒരാൾക്ക് ഒരു ലോഗോ മാത്രമേ അയക്കാനാവൂ. വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്ക്: ksotto.kerala.gov.in, ഫോൺ: 0471-2528658, 2962748.
പി.എൻ.എക്സ്. 1055/2026
- Log in to post comments