Skip to main content

ദ്വീപ് നിവാസികൾക്ക് സ്വപ്ന സാക്ഷാത്കാരം; പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു

*അമ്പതോ നൂറോ വർഷം കൊണ്ട് മാത്രം കഴിയുന്ന കാര്യങ്ങളാണ് ഈ സർക്കാർ 10 വർഷം കൊണ്ട് പൂർത്തിയാക്കിയത്: മുഖ്യമന്ത്രി പിണറായി വിജയൻ*

അമ്പതോ നൂറോ വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന വികസനപദ്ധതികളാണ് ഈ സർക്കാർ കഴിഞ്ഞ 10 വർഷം കൊണ്ട് പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ 100 കോടി രൂപ ചെലവഴിച്ച് പൂർത്തീകരിച്ച പെരുമ്പളം പാലം പെരുമ്പളം ദ്വീപിൽ സംഘടിപ്പിച്ച ചടങ്ങിൽ നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു വികസന പദ്ധതിയുടെ ഉദ്ഘാടനം എന്നതിലുപരി ഈ സർക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന പെരുമ്പളം പാലമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ഈ നാട്ടുകാരുടെ ചിരകാല അഭിലാഷത്തിന്റെ സാഫല്യ നിമിഷമാണിത്. ഏത് സർക്കാർ ഭരിച്ചാലും ഇതൊക്കെ നടപ്പാവുകയില്ലേ എന്നാണ് ചിലർ ചോദിക്കുന്നത്. അങ്ങനെയല്ല എന്നത് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ കേരളത്തിന്റെ അനുഭവത്തിലുള്ളതാണ്. മുൻമ്പ്തകർന്ന റോഡുകളും പാലങ്ങളുമായിരുന്നു ഇവിടെയുണ്ടായിരുന്നത്. നടപ്പാകാത്ത അനേകം പദ്ധതികളുടെ ഒരു പട്ടിക തന്നെ കേരളത്തിലുണ്ടായിരുന്നു. മുൻമ്പ് കടുത്ത നിരാശയിൽ കഴിഞ്ഞ ആളുകൾ ഇന്ന് നല്ല പ്രത്യാശയിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എങ്ങിനെയാണത് വന്നത്. വെറും വാചകങ്ങൾ കൊണ്ടല്ല. നമ്മുടെ നാട്ടിൽ നടക്കില്ല എന്ന് കരുതിയിരുന്ന വൻകിട പദ്ധതികൾ നടപ്പാകുന്ന നിലവന്നതോടുകൂടിയാണ്. 2016 ൽ ദേശീയപാത ഏതെങ്കിലും തരത്തിൽ കേരളത്തിൽ യാഥാർഥ്യമാവുമെന്ന് ആരെങ്കിലും കരുതിയോ. ഇപ്പോൾ ദേശീയപാത അതിവേഗത്തിൽ പൂർത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അടുത്ത ഏതാനും ദിവസങ്ങൾക്കകം പൂർത്തീകരിച്ച ഭാഗങ്ങൾ പ്രധാനമന്ത്രി നാടിനു സമർപ്പിക്കും എന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്. ഇത് എങ്ങിനെയാണ് യാഥാർത്ഥ്യമായത്. കഴിഞ്ഞ 10 വർഷമായി നാട് ഭരിക്കുന്ന ഈ സർക്കാരിനു വികസനപദ്ധതികൾ നാടിനാവശ്യമാണ് എന്ന പ്രതിബദ്ധത വേണ്ടതിലധികം ഉള്ളതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാതമാത്രമല്ല ഗെയിൽ പൈപ്പ് ലൈൻ പദ്ധതിഇടമൺ പവർഹൈവേ, ഇവയെല്ലാം ഉപേക്ഷിക്കപ്പെട്ടവയായിരുന്നു. എന്നാൽ ഇന്ന് ഇതിലൂടെ ഗ്യാസും വൈദ്യുതിയും ഒക്കെ പ്രവഹിക്കുകയാണ്. ഇതെല്ലാം എതിർപ്പുകാർ നാടുവിട്ടതുകൊണ്ടല്ല. അവരൊക്കെ ഇവിടെ തന്നെയുണ്ട്. ഒരു സർക്കാരിന്റെ പ്രാഥമിക ബാധ്യത പദ്ധതികൾ നടപ്പാക്കലാണ്. പദ്ധതികളെ എതിർക്കുന്നവരുണ്ടാവും. ആ എതിർക്കുന്നവരുടെ കൂടെ നിൽക്കാനല്ല ഗവൺമെന്റ്. എതിർപ്പുകാരോട് കാര്യങ്ങൾ വ്യക്തമാക്കിയപ്പോൾ ചിലരത് ഉപേക്ഷിച്ചു. ചിലർ സഹകരിച്ചു. എതിർപ്പോടെ നിന്നവർ പദ്ധതി മുടക്കാൻ കഴിയാത്തവരുമായി. വഴങ്ങില്ല എന്ന നിലപാട് സർക്കാർ സ്വീകരിച്ചത് വഴിയാണ് ഇതൊക്കെ യാഥാർഥ്യമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തീരദേശ ഹൈവേമലയോര ഹൈവേ എന്നിവക്ക് 10000 കോടി രൂപയാണ് സംസ്ഥാനസർക്കാർ ചെലവിടുന്നത്. രണ്ടു പദ്ധതിയും നല്ല രീതിയിൽ പുരോഗമിക്കുകയാണ്. കോവളത്ത് നിന്ന് ബേക്കലിലേക്കുള്ള ജലപാതയും കേരളത്തിന്റെ ടൂറിസം രംഗത്ത് വമ്പിച്ച മാറ്റം ഉണ്ടാക്കുന്നതാണ്. ഈ സർക്കാർ വന്നതുകൊണ്ടും അവർക്ക് ജനം തുടർഭരണം നൽകിയതുകൊണ്ടുമാണ് ഇതൊക്കെ സാധ്യമാക്കാൻ കഴിഞ്ഞത്. അതുതന്നെയാണ് ഈ പാലത്തിന്റെയും അവസ്ഥ. കേരളത്തിൽ റോഡുകൾപാലങ്ങൾഓവർബ്രിഡ്ജുകൾഫ്ളൈ ഓവറുകൾ എല്ലാം വൻതോതിലാണ് വന്നത്. 150 ലധികം പാലങ്ങളാണ് പൂർത്തിയാക്കിയത്. 3 വർഷം കൊണ്ട് തന്നെ സർക്കാരിന് 100 പാലങ്ങൾ പൂർത്തീകരിക്കാനായി. ഇതൊക്കെ നാടിനോട് പ്രതിബദ്ധതയുള്ള ഒരു മുന്നണി നാട് ഭരിക്കുന്നതുകൊണ്ട് മാത്രം ഉണ്ടായ കാര്യമാണ്. എല്ലാവരും ഒരുപോലെആയിരുന്നെങ്കിൽ 2011-16 കാലത്ത് നമ്മുടെ നാട് പുറകോട്ട് പോകില്ലായിരുന്നു. നമ്മുടെ നാട് ഇന്ന് എല്ലാ മേഖലയിലും മുന്നേറുകയാണ്.

ഈ പശ്ചാത്തലസൗകര്യവികസനം എങ്ങിനെയാണ് നമുക്ക് സാധ്യമാക്കാൻ കഴിഞ്ഞത്. 2016 ൽ സംസ്ഥാന സർക്കാർ പുനരുജ്ജീവിപ്പിച്ച സംവിധാനമാണ് കിഫ്ബി. അതിനെയും എതിർക്കാനും ആക്ഷേപിക്കാനും പുച്ഛിക്കാനും ആളുണ്ടായി. എന്നാൽ കിഫ്ബിയുടെ സഹായത്തോടെ പദ്ധതികൾ യാഥാർഥ്യമായി. നമ്മുടെ ആവശ്യങ്ങൾ പലതാണ്. പക്ഷേ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമ്മുടെ കയ്യിൽ ആവശ്യത്തിന് പണമില്ല. അതിനുള്ള പണം ഖജനാവിൽ കുറവാണ്. ഒരു സമാന്തര ധനസ്രോതസ്സ് വേണം. അതാണ് കിഫ്ബിയിലൂടെ നാം കണ്ടെത്തിയത്. പശ്ചാത്തല സൗകര്യവികസനത്തിനായി കിഫ്ബി പണം ചെലവഴിക്കുന്നു. അത് നാടിന്റെ വികസനത്തിന് സഹായിക്കുന്നു. അന്ന് 50000 കോടി രൂപയാണ് കിഫ്ബിയിലൂടെ പശ്ചാത്തലസൗകര്യവികസനത്തിന് നാം കണ്ടത്. 2021 ൽ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ 62000 കോടി രൂപയുടെ പദ്ധതികളാണ് യാഥാർത്ഥ്യമായത്. ഇപ്പോൾ 2026 ൽ ഒരുലക്ഷത്തി പതിനായിരം കോടി രൂപയുടെ പദ്ധതികളാണ് യാഥാർഥ്യമായത്. എവിടെ നോക്കിയാലും അതിന്റെ സാക്ഷ്യപത്രം കാണാം. സ്‌കൂളായും ആശുപത്രിയായും പാലങ്ങളായും റോഡുകളായുമൊക്കെ.

ഏത് രംഗമെടുത്താലും അഭിവൃദ്ധിപ്പെട്ടതായി കാണാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗം വലിയതോതിൽ മെച്ചപ്പെട്ടു. ആരോഗ്യരംഗം രാജ്യവും ലോകവും ശ്രദ്ധിക്കുന്ന അവസ്ഥയിലേക്ക് മെച്ചപ്പെട്ടു. ഫിഷറീസ് രംഗത്ത് വലിയ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞു. വളർച്ച പിന്നോട്ടായിരുന്ന കാർഷിക രംഗത്ത് അതിശയിപ്പിക്കുന്ന അഭിവൃദ്ധി നേടാൻ കഴിഞ്ഞു. സാമൂഹിക രംഗത്ത് ആശ്വാസ നടപടികൾ സ്വീകരിക്കുന്നതിൽ രാജ്യത്തിന് തന്നെ മാതൃകയായി കേരളം നിൽക്കുന്നു. പ്രഖ്യാപനത്തിലല്ലആ പ്രഖ്യാപനം യാഥാർഥ്യമാക്കുന്നതിലാണ് ഈ സർക്കാർ എപ്പോഴും ശ്രദ്ധിക്കുന്നത്. അതുകൊണ്ടാണ് 600 രൂപയുണ്ടായിരുന്ന സാമൂഹ്യക്ഷേമ പെൻഷൻ 2021 ആയപ്പോൾ 1600 ലേക്കും 2026 ആകുമ്പോൾ 2000 ലേക്കും എത്തി നിൽക്കുന്നത്. കഴിഞ്ഞ 10 വർഷം കൊണ്ട് വികസനത്തിന്റെ സ്പർശം ഏൽക്കാത്ത ഒരു പ്രദേശവും ഉണ്ടാവില്ല കേരളത്തിൽ. അതാണ് ഈ സർക്കാരിന്റെ പ്രത്യേകത. നാം ശരിയായ പാതയിൽ മുന്നോട്ടുപോവുകയാണ്. ഒരു ഭാഗത്ത് നാടിന്റെ വികസനംമറ്റൊരു ഭാഗത്ത് ജനങ്ങളുടെ ക്ഷേമംഇതെല്ലാം അഭിവൃദ്ധിപ്പെടുത്തിക്കൊണ്ട് പോകാനാണ് നാം ഉദ്ദേശിക്കുന്നത്. നാം ലക്ഷ്യമിടുന്നത് ഒരു നവകേരളമാണ്. ആ നവകേരളം ഒരു സങ്കൽപമല്ലയാഥാർഥ്യമാണ്. അത് യാഥാർഥ്യമാക്കാനാണ് നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നാടും നാട്ടുകാരും ഈ യാത്രയിൽ എല്ലാ സഹായവും പിന്തുണയും നൽകിയിട്ടുണ്ട്. നവകേരള സൃഷ്ടിക്കായി ഇനിയും അതുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. 2016ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ പെരുമ്പളം പാലം ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുമായിരുന്നു എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പാലമില്ലാത്ത കാലത്ത് ഒരു അസുഖം വന്നാൽ പോലും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിച്ചിരുന്ന വലിയ പ്രയാസങ്ങളെ നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. ഏത് പ്രതിസന്ധിയുണ്ടായാലും അതിനെ തട്ടിമാറ്റി ജനകീയ പദ്ധതികൾ നടപ്പിലാക്കുന്ന സർക്കാരിന്റെ ഇച്ഛാശക്തിയാണ് ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ദലീമ ജോജോ എം എൽ എ സ്വാഗതം പറഞ്ഞു. കെ ആർ എഫ് ബി പ്രൊജക്റ്റ് ഡയറക്ടർ എം അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻജില്ലാ കളക്ടർ അലക്സ് വർഗീസ്മുൻ എം പി എ എം ആരിഫ് തുടങ്ങിയവർ മുഖ്യാതിഥികളായി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ രജിത,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി ആർ ഗിരീഷ്ബിനിത പ്രമോദ്തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഡി സജീവ്ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വിവേകാനന്ദകെ ജെ ജിസ്മിപഞ്ചായത്ത് അംഗം അഞ്ജു എൻ ഓമനക്കുട്ടൻപിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ്കെ എസ് ഡി പി ചെയർമാൻ സി ബി ചന്ദ്രബാബുമുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ നാസർകെ ആർ എഫ് ബി സൗത്ത് സർക്കിൾ ടീം ലീഡർ പി ആർ മഞ്ജുഷമറ്റ് ജനപ്രതിനിധികൾഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

2016-17 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് കെ.ആർ.എഫ്.ബി  വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല. ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ അരുക്കൂറ്റി പഞ്ചായത്തിനെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് പാലം പണിതീർത്തത്. ആകെ 1155.40 മീറ്റർ നീളമുള്ള പാലത്തിന്  27 സ്പാനുകളുണ്ട്. കൂടാതെ കായലിലെ ജലഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ 55 മീറ്റർ നീളമുള്ള മൂന്ന് ബോ സ്ട്രിങ് ആർച്ച് സ്പാനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്കായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. വേമ്പനാട് കായലിന്റെ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ രൂപകൽപന. ടൂറിസം മേഖലയിൽ വലിയ സാധ്യതകളുള്ള പെരുമ്പളത്തിന് പാലം പുതിയ വാതായനങ്ങൾ തുറന്നു നൽകും.

പി.എൻ.എക്‌സ്. 1053/2026

date