തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 137 കോടിയുടെ ബഹുനില മന്ദിരം
നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കിഫ്ബിയിലൂടെ 137 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനവും, ശിലാസ്ഥാപനവും മാർച്ച് 9ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻ കുട്ടി, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എന്നിവർ പങ്കെടുത്തു.
ജനറൽ ആശുപത്രിയുടെ മുഖഛായ മാറ്റുന്ന പദ്ധതിയാണിതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുള്ള 4 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ റിസപ്ഷൻ ഏരിയ, ട്രോമ കെയർ വിഭാഗം, ജനറൽ ഒ.പി., എആർവി ക്ലിനിക്, ഫാർമസി എന്നിവയും, രണ്ടാം നിലയിൽ വിവിധ വിഭാഗങ്ങളിലെ ഇന്റെൻസിവ് കെയർ വാർഡുകൾ, സെമിനാർ റൂം, ഇ-ഹെൽത്ത്, ഭൂമിക ക്ലിനിക് എന്നിവയും, മൂന്നാം നിലയിൽ വിശാലമായ ലബോറട്ടറി, ബ്ലഡ് ബാങ്ക്, സ്പെഷ്യലിറ്റി, സൂപ്പർ സ്പെഷ്യലിറ്റി ഒ.പി.കൾ എന്നിവയും നാലാം നിലയിൽ കീമോതെറാപ്പി വാർഡ്, ഓപ്പറേഷൻ തിയേറ്റർ, ഡെന്റൽ ഒ.പി. എന്നിവയും സജ്ജീകരിക്കും. ഇവ കൂടാതെ എ.സി. പ്ലാന്റ്, മെഡിക്കൽ ഗ്യാസ് യൂണിറ്റ്, ലോണ്ട്രി എന്നിവ ഉൾപ്പെടെയുള്ള സർവീസ് ബ്ലോക്കും സജ്ജീകരിക്കും. രോഗികളുടേയും, പൊതുജനങ്ങളുടേയും സൗകര്യത്തിനായി 10 ലിഫ്റ്റുകളും കെട്ടിട സമുച്ചയത്തിലുണ്ട്. പുതിയ കെട്ടിടം സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന ജനറൽ ആശുപത്രിക്ക് ഏറെ സഹായകരമാകും.
പി.എൻ.എക്‌സ്. 1065/2026
- Log in to post comments