നിർമിതിബുദ്ധി: വെല്ലുവിളികൾ നേരിടാൻ കുട്ടികൾക്ക് സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ പുറത്തിറക്കി കൈറ്റ്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ പഠനാന്തരീക്ഷവും സൈബർ സുരക്ഷയും ഉറപ്പാക്കുന്നതിനായി കൈറ്റ് ‘സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ 2026’ പ്രസിദ്ധീകരിച്ചു. നിർമ്മിത ബുദ്ധി സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികളും സൈബർ കുറ്റകൃത്യങ്ങളും അവയുടെ പ്രതിരോധ മാർഗങ്ങളും വിശകലനം ചെയ്താണ് പ്രോട്ടോക്കോൾ തയ്യാറാക്കിയിരിക്കുന്നത്. സ്ഥാപന മേധാവികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനറേറ്റീവ് എ.ഐ. ടൂളുകൾ ഉപയോഗിക്കുമ്പോൾ രഹസ്യ വിവരങ്ങൾ പങ്കുവെക്കുന്നതിനിലെ അപകടങ്ങളെക്കുറിച്ചുള്ള അവബോധം, ഡിജിറ്റൽ വിവരങ്ങളെ വിവേചനബുദ്ധിയോടെ സമീപിക്കാനുള്ള കഴിവ് വളർത്തൽ, വ്യാജ വാർത്തകൾ തിരിച്ചറിയൽ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പൗരന്മാരായി കുട്ടികളെ മാറ്റൽ തുടങ്ങിയ 13 കാര്യങ്ങളാണ് പ്രോട്ടോക്കോൾ ലക്ഷ്യമിടുന്നത്. അക്കാദമിക് പ്രവർത്തനങ്ങൾ, എ.ഐ. ഉപയോഗം, ഭരണപരമായ ഡാറ്റ കൈമാറ്റം, ഓൺലൈൻ പഠനപരിസരം എന്നിവ ഉൾപ്പെടെ ഒൻപത് പ്രധാന പ്രവർത്തന മേഖലകളും വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ട 17 കാര്യങ്ങളിൽ സ്‌കൂൾ പ്രവർത്തി സമയത്ത് തടസ്സമില്ലാതെ ഇന്റർനെറ്റ് എല്ലാ കുട്ടികൾക്കും ലഭ്യമാക്കുകയും അധ്യാപകരുടെ നിരീക്ഷണത്തിൽ മാത്രം കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണം.
സാങ്കേതികവിദ്യ സുരക്ഷിതമായി ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങളാണ് പ്രോട്ടോക്കോളിലുള്ളതെന്നും ആറു ലക്ഷം രക്ഷിതാക്കൾക്ക് നൽകുന്ന ‘സർവ്വം എ.ഐ മയം’ പരിശീലനത്തിന്റെ കൂടി തുടർച്ചയായി അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലനങ്ങളും സൈബർ സേഫ്റ്റി ക്ലിനിക്കുകളും സംഘടിപ്പിക്കുമെന്നും കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് പറഞ്ഞു. സൈബർ സേഫ്റ്റി പ്രോട്ടോക്കോളിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പുകൾ www.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 1066/2026
- Log in to post comments