Skip to main content

ഗോശ്രീ പാലത്തിൽ വിദ്യാർത്ഥികളോടൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; കേരളത്തിലെ തിരഞ്ഞെടുപ്പ് ലോകത്തിനു മാതൃക

ഏറ്റവും മികച്ച തിരഞ്ഞെടുപ്പിന് കേരളം സാക്ഷ്യം വഹിക്കുമെന്നും ഇവിടുത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ ഒരു മാതൃകയായിരിക്കുമെന്നും കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ.  ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗോശ്രീ പാലത്തിൽ യുവ വോട്ടർമാർക്കായി  സംഘടിപ്പിച്ച  ബോധവത്കരണ പരിപാടിയിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം . നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി  ഒരുക്കങ്ങൾ വിലയിരുത്താനാണ്  അദ്ദേഹം കൊച്ചിയിൽ എത്തിയത്.

ഗോശ്രീ പാലത്തിലൂടെ വിദ്യാർത്ഥികൾക്കൊപ്പം നടന്ന്‌ അദ്ദേഹം  ഓർമ്മകൾ പങ്കുവെച്ചു . വൈപ്പിൻ ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട യാത്രാദുരിതത്തിന് അറുതി വരുത്തിക്കൊണ്ട് യാഥാർത്ഥ്യമായ ഗോശ്രീ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അനുഭവങ്ങളും  വിവിധ ഘട്ടങ്ങളും പ്രതിസന്ധികളും അദ്ദേഹം വിവരിച്ചു. പാലത്തിന്റെ തൂണുകളിൽ കൊത്തുപണികളായി  രേഖപ്പെടുത്തിയിരിക്കുന്ന കേരളത്തിന്റെ കലാരൂപങ്ങളെ കുറിച്ച്  വിശദീകരിച്ചു. മുഖ്യ  തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ എറണാകുളം ജില്ലാ കളക്ടറായിരുന്ന കാലത്താണ് ഗോശ്രീ പാലം യാഥാർഥ്യമായത് .  

കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമതയും ഒത്തുചേരുമ്പോൾ ഇന്ത്യയിലെ തന്നെ ഏറ്റവും സുതാര്യവും ജനകീയവുമായ തിരഞ്ഞെടുപ്പായി ഇത് മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പരിപാടിയിൽ ജനാധിപത്യ പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി 
കന്നി വോട്ടർമാർക്ക് വോട്ടർ ഐ.ഡി കൈമാറുകയും  സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു .  പരിപാടിയിൽ വിവിധ കോളേജുകളിൽ നിന്നായി മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. യുവ വോട്ടർമാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുന്നതിനായി സി3 സീൻ മെക്കേഴ്സുമായി സഹകരിച്ച് 'സ്വീപ്' (SVEEP) പുറത്തിറക്കിയ 'ജെൻ സി' (Gen C) തീം സോങ്ങിന്റെ അവതരണവും ചടങ്ങിൽ നടന്നു.

 ജില്ലാ കളക്ടർ ജി പ്രിയങ്ക, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽകർ, അസിസ്റ്റന്റ് കളക്ടർ ആൻഡ് സ്വീപ് നോഡൽ ഓഫീസർ പാർവതി ഗോപകുമാർ, സ്വീപ് സ്റ്റേറ്റ് ഇൻചാർജ് ശർമിള സി നായർ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, അസിസ്റ്റന്റ് ഇലക്ഷൻ നോഡൽ ഓഫീസർ ജോസഫ് ആന്റണി ഹർട്ടിസ്, സിനിമ താരങ്ങളായ ടിനി ടോം, സിജോയ് വർഗീസ്, സരയു, സംഗീത സംവിധായകൻ ജോർജ് പീറ്റർ, സി3 സീൻ മേക്കേർസ് അംഗങ്ങൾ, കെഎംഎം കോളേജ്,  കൊച്ചിൻ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് തൃക്കാക്കരയിലെ വിദ്യാർഥികൾ, അധ്യാപകർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date