Skip to main content

പഴയ തട്ടകത്തിൽ ഓർമ്മകൾ പുതുക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ

ഔദ്യോഗിക തിരക്കുകൾക്കിടയിലും തന്റെ പഴയ തട്ടകത്തിലെ ഓർമ്മകൾ പുതുക്കാൻ ചെറായി ബീച്ചിലേക്ക് മടക്കയാത്ര നടത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേരളത്തിലെത്തിയ  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തന്റെ സന്ദർശനത്തിന്റെ മൂന്നാം ദിനം ചെറായി ബീച്ച് സന്ദർശിച്ച് കടൽത്തീര കാഴ്ചകൾ ആസ്വദിച്ചു. അതിരാവിലെ ഏഴ് മണിയോടെ ബീച്ചിലെത്തിയ അദ്ദേഹം 22 വർഷങ്ങൾക്ക് മുൻപ് എറണാകുളം ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച കാലത്ത് താൻ ഹൃദയത്തോട് ചേർത്തുപിടിച്ച് നടപ്പിലാക്കിയ വികസന പദ്ധതികളെ നേരിട്ടുകണ്ട് വിലയിരുത്തി.

എറണാകുളം ജില്ലാ കളക്ടറായിരുന്ന സമയത്ത് ചെറായി ബീച്ചിന്റെ മുഖച്ഛായ മാറ്റിയ വികസന പദ്ധതികൾക്ക് നേതൃത്വം നൽകിയത് ഗ്യാനേഷ് കുമാർ ആയിരുന്നു.  ചെറായി ബീച്ചിനെ ഇന്നത്തെ രീതിയിൽ വൃത്തിയും സൗകര്യവുമുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ചെറായി വായനശാല യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച പ്രത്യേക താല്പര്യവും നൽകിയ സഹായങ്ങളും ഇന്നും ഹൃദയപൂർവ്വം സ്മരിക്കുന്നതായി വായനശാല ഭാരവാഹികളും നാട്ടുകാരും അദ്ദേഹത്തെ നേരിട്ട് കണ്ട് നന്ദിയോടെ അറിയിച്ചു.

ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇനിയും മികച്ച രീതിയിൽ നടപ്പിലാക്കണമെന്നും, അന്താരാഷ്ട്ര നിലവാരത്തിലുള്ള കൂടുതൽ സൗകര്യങ്ങൾ ഇവിടെ ഒരുക്കണമെന്നും  സന്ദർശന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടൽ തീരത്തെ നടപ്പാതയിലൂടെ നടന്നു നീങ്ങിയ അദ്ദേഹം അവിടെയുണ്ടായിരുന്ന പൊതുജങ്ങളോട് സംസാരിക്കുകയും അവർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം എല്ലാവരെയും ഓർമ്മിപ്പിച്ചു. വിദേശ സഞ്ചാരികളോടും മറ്റ് സന്ദർശകർക്കുമൊപ്പം വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി ഫോട്ടോ എടുത്ത ഇലക്ഷൻ കമ്മീഷണർ, ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും പറഞ്ഞു.

ജില്ലാ കളക്ടർ ജി. പ്രിയങ്ക, സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽകർ, അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ പാർവതി ഗോപകുമാർ, സബ് കളക്ടർ ഗ്രന്ധേ സായി കൃഷ്ണ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ്, റണ്ണേഴ്സ് ക്ലബ്‌ ഭാരവാഹികൾ, ചെറായി വായനശാല ഭാരവാഹികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.

date