ഇറാനിയന്‍ കപ്പല്‍ കൊച്ചിയില്‍ അഭയം തേടിയത് നാം സമുദ്രനിയമവിഷയങ്ങളുടെ കേന്ദ്രത്തില്‍ നില്‍ക്കുന്നു എന്നതിന്റെ തെളിവ് - ജസ്റ്റിസ് വി. എം. ശ്യാംകുമാർ
ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലാവന്‍ കൊച്ചിയില്‍ അഭയം തേടിയത് കൊച്ചിയും കേരളവും അന്താരാഷ്ട്ര സമുദ്ര നിയമ വിഷയങ്ങളുടെ കേന്ദ്രത്തില്‍ നില്‍ക്കുന്നു എന്നതിന്റെ ജീവസ്സുറ്റ തെളിവാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ബഹു. ജസ്റ്റിസ് വി. എം. ശ്യാംകുമാർ. നുവാൽസ് സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ലോ റീഫോംസും ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പുതിയ സമുദ്രനിയമങ്ങളെക്കുറിച്ചുള്ള പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘നാവിഗേറ്റിങ് ചേഞ്ച്: ഇന്‍ഡ്യാസ് ന്യൂ മാരിടൈം ലോസ് ആന്‍ഡ് ഗ്ലോബല്‍ ഇന്റഗ്രേഷന്‍’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
രാജ്യത്തെ പുതിയ സമുദ്രനിയമപരിഷ്‌കാരങ്ങളും അവ മൂലം അന്തർദേശീയ വ്യാപാരം, ആഗോള നിയമ സംവിധാനങ്ങള്‍ എന്നിവയിലുണ്ടാകാനിടയുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും സംബന്ധിച്ച വിവിധ വിഷയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. നുവാൽസ് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജി. ബി. റെഡ്ഡി അധ്യക്ഷത വഹിച്ചു.
പ്രഭാഷണ പരിപാടിയില്‍ വിവിധ കലാലയങ്ങളില്‍ നിന്നുള്ള നിയമ വിദ്യാർത്ഥികളും ഗവേഷകരും നിയമവിദഗ്ധരും പങ്കെടുത്തു. പ്രഭാഷണം സമകാലിക സമുദ്രനിയമ വികസനങ്ങളെക്കുറിച്ചുള്ള വിശദമായ അറിവ് പകര്‍ന്നു നല്‍കി. നുവാൽസ് പ്രൊഫസർ പ്രൊഫ (ഡോ.) അനിൽ ആർ. നായർ, ഹൈക്കോടതി അഭിഭാഷകൻ അഡ്വ. വി. ബി. ഹരി നാരായണൻ എന്നിവരും പ്രസംഗിച്ചു.
- Log in to post comments