വിജ്ഞാനത്തിന്റെ അടിത്തറയിലാണ് മലയാളികൾ വിശ്വപൗരന്മാരായത്”: ഡോ. ആർ. ബിന്ദു
വിജ്ഞാനത്തിന്റെയും അറിവിന്റെയും ശക്തമായ അടിത്തറയിൽ നിന്നുകൊണ്ടാണ് മലയാളികൾ വിശ്വപൗരന്മാരായി മാറിയത്, ആ അറിവിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ കുസാറ്റ് നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്,” എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന്റെ അഡിഷണൽ ബ്ലോക്കിന്റെ ഉദ്ഘാടനം, ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലെ നാലാം നിലയുടെ വർട്ടിക്കൽ എക്സ്റ്റൻഷന്റെ ഉദ്ഘാടനം, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റലിന്റെയും പെൺകുട്ടികളുടെ ഹോസ്റ്റലിന്റെയും പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപന കർമ്മം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈജ്ഞാനിക കേരളത്തിന്റെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന പ്രധാന ക്യാമ്പസുകളിലൊന്നാണ് കുസാറ്റെന്നും അതിന്റെ ഉത്തരവാദിത്വബോധത്തോടെ സജീവമായി അറിവാന്വേഷണങ്ങൾ തുടരുകയും, മറ്റുള്ളവരെ അതിലേക്ക് നയിക്കുകയും ചെയ്യേണ്ടതാണ് സർവകലാശാലയുടെ ധർമ്മമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (KIRF) റാങ്കിംഗിൽ സർവകലാശാലകളുടെ വിഭാഗത്തിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടിയ കുസാറ്റിനെ മന്ത്രി അഭിനന്ദിച്ചു. അക്കാദമിക് മികവും ഗവേഷണ പ്രതിബദ്ധതയും കുസാറ്റിന്റെ മുന്നേറ്റത്തിന് ശക്തമായ അടിത്തറയാണെന്ന് അവർ പറഞ്ഞു.
ചടങ്ങിൽ വ്യവസായ-നിയമ കയർ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. നിലവിൽ 28 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ കുസാറ്റിൽ പഠിക്കുന്നുണ്ടെങ്കിലും 100 ഓളം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളെ ആകർഷിക്കാൻ കഴിയുന്ന പഠനസൗകര്യങ്ങൾ കുസാറ്റിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം ജുനൈദ് ബുഷിരി, സിൻഡിക്കേറ്റ് അംഗം ഡോ. പി. കെ. ബേബി, രജിസ്ട്രാർ പ്രൊഫ. ഡോ.എ. യു അരുൺ, സർവകലാശാല എൻജിനീയർ വി എസ് സബിൻ എന്നിവർ പങ്കെടുത്തു.
കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിന് സമീപം സംസ്ഥാന സർക്കാരിന്റെ പ്ലാനിംഗ് ഫണ്ടിൽ നിന്ന് 5.13 കോടി രൂപ ചെലവഴിച്ച് 1889 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അഡീഷണൽ ബ്ലോക്ക് നിർമ്മിച്ചിട്ടുള്ളത്. ഇൻസ്ട്രുമെന്റേഷൻ വകുപ്പ് കെട്ടിടത്തിലെ നാലാം നിലയുടെ നവീകരണ നിർമ്മാണം പൂർത്തിയാക്കിയത് സംസ്ഥാന സർക്കാരിന്റെ പ്ലാനിംഗ് ഫണ്ടിൽ നിന്ന് 1.09 കോടി രൂപ ചെലവഴിച്ചാണ്. ഏകദേശം 4200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് ഈ കെട്ടിടം.അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടി നടപ്പിലാക്കുന്ന പദ്ധതിക്ക് 12.47 കോടി രൂപ കിഫ്ബി
ധനസഹായം അനുവദിച്ചിട്ടുണ്ട്. അഞ്ചു നിലകളായി വിഭാവനം ചെയ്തിരിക്കുന്ന കെട്ടിടത്തിന്റെ ആദ്യഘട്ടമായി മൂന്ന് നിലകളിലായി 3010 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മാണം ആരംഭിക്കും. മൂന്ന് നിലകളിലായി 60 സ്റ്റുഡിയോ അപ്പാർട്ട്മെന്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുസാറ്റിലെ വിദ്യാർത്ഥിനികൾക്കായുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമ്മാണവും സംസ്ഥാന സർക്കാരിന്റെ കിഫ്ബി (KIIFB) പദ്ധതിയുടെ ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്. ഏകദേശം 24.30 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ ഹോസ്റ്റൽ അഞ്ച് നിലകളുള്ളതായിരിക്കും. 5,670 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൽ ഏകദേശം 100 മുറികളും 300 വിദ്യാർത്ഥികൾക്ക് താമസസൗകര്യവും ഒരുക്കുകയാണ് ലക്ഷ്യം.
- Log in to post comments