ഭിന്നശേഷിക്കാർക്ക് സ്വതന്ത്രവും, സ്വയം പര്യാപ്തവുമായ ജീവിതം ഉറപ്പാക്കും : മന്ത്രി ഡോ. ആർ ബിന്ദു
* ഏബിൾ പോയിൻ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
ഭിന്നശേഷിക്കാർക്ക് സ്വതന്ത്രവും, സ്വയം പര്യാപ്തവുമായ ജീവിതം ഉറപ്പാക്കുക എന്നത് സാമൂഹ്യ നീതി വകുപ്പിൻ്റെ പ്രധാന ലക്ഷ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന 'ഏബിൾ പോയിന്റ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഭിന്നശേഷി ശാക്തീകരണവും, പുനരധിവാസവും ലക്ഷ്യമാക്കി ഒട്ടേറെ വൈവിധ്യപൂർണ്ണമായ പദ്ധതികളും, പരിപാടികളും നടപ്പാക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. അതിലൊന്നാണ് "ഏബിൾ പോയിൻ്റ്" എന്ന പേര് നൽകിയിട്ടുള്ള ഭിന്നശേഷിക്കാർ ഉൾപ്പെടെ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന പദ്ധതി. ഇതുവഴി അവിടെ നിയോഗിക്കപ്പെടുന്ന ഭിന്നശേഷി സുഹൃത്തുക്കൾക്കൊപ്പം ഈ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവർക്ക് കൂടി വരുമാനം ഉറപ്പാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഏബിൾ പോയിന്റുകളിൽ ആദ്യത്തേതാണ് ഇവിടെ തുറന്നിരിക്കുന്നത്. 100 പൊതു ഇടങ്ങളിൽ കണ്ടെയ്നർ മാതൃകയിലുള്ള നിർമ്മിതികളിലാണ് ഇവ പ്രവർത്തിക്കുക.
ഏബിൾ പോയിൻ്റിനെ സംബന്ധിച്ചിടത്തോളം, നമുക്ക് ആളുകൾ കൂടുന്ന പൊതു ഇടങ്ങളിൽ ഇതുപോലെ കണ്ടെയ്നർ മാതൃകയിലുള്ള ഒരു വിപണന കേന്ദ്രം സജ്ജീകരിക്കാനുള്ള സ്ഥലം ആവശ്യമുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജുകൾ, അതുപോലെ അമ്പലപ്പറമ്പുകൾ, ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങി ആളുകൾ വന്നുചേരുന്ന കേന്ദ്രങ്ങളിൽ, ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടുകൂടി മാത്രമേ നമുക്ക് ഏബിൾ പോയിന്റുകൾ തുടങ്ങാൻ സാധിക്കുകയുള്ളൂ. 100 ഇടങ്ങളിൽ ഇവ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടന്നു വരികയാണ്.
അതുവഴി 200 ഭിന്നശേഷിക്കാർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരിട്ടല്ലാതെ, വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. മാർച്ച് 9 ന് "സുശക്തി ഭിന്നശേഷി സ്വയം സഹായ സംഘങ്ങൾ" എന്ന മറ്റൊരു വിപ്ലവകരമായ സംവിധാനത്തിന് കൂടി തുടക്കമാവുകയാണ്. കുടുംബശ്രീ ഏത് മാതൃകയിലാണോ നമ്മുടെ സംസ്ഥാനത്തെ സ്ത്രീകളെ വരുമാനദായകമായ സംരംഭങ്ങളിലേക്ക് കൊണ്ടുപോയത്, സമാനമായ മാതൃകയിൽ ഭിന്നശേഷി ശാക്തീകരണത്തിന് ഉതകുന്ന നിലയിലാണ് സുശക്തി പദ്ധതി ആവിഷ്കരിക്കുന്നത്. എല്ലാവരെയും സ്വയംപര്യാപ്തതയിലേക്ക് നയിക്കാൻ കഴിയുന്ന വിധത്തിലുള്ള കൂടുതൽ തൊഴിൽ - ഉൽപാദന പ്രവർത്തനങ്ങൾ നമുക്ക് ഇനിയും യാഥാർത്ഥ്യമാക്കണമെന്നും മന്ത്രി പറഞ്ഞു.
കാക്കനാട് ഗാന്ധി പാര്ക്കിന് സമീപമാണ് ആദ്യ ഏബിള്‍ പോയന്റ് തുറന്നിരിക്കുന്നത്.
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘവും ചേർന്ന് നടത്തുന്ന പദ്ധതി തൃക്കാക്കര നഗരസഭയുടെ സഹകരണത്തോടെയാണ് യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്സ് എന്ന പദ്ധതിയ്ക്കു കീഴിലാണ് ഇവ സ്ഥാപിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയ ഡാലി അധ്യക്ഷയായി. തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ സൻഷ മിജു, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ റീജിയണൽ ഓഫീസർ രാജാംബിക, ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് കെ.കേശവദാസ്, ഏബിൾ പോയിന്റ് വളണ്ടിയർ ആദിത്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഭിന്നശേഷി കുട്ടികളെയും രക്ഷിതാക്കളെയും ചേർത്ത് നിർത്തുന്ന പദ്ധതി
ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ നല്കാന് ഉദ്ദേശിക്കുന്ന പദ്ധതിയാണ് ഏബിള്‍ പോയന്റ്.
ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് തൃക്കാക്കര നഗരസഭയുടെ സഹകരണത്തോടെയാണ് പദ്ധതിയാരംഭിച്ചത്. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്കും ബന്ധപ്പെട്ടവര്‍ക്കും തൊഴിലവസരങ്ങള്‍ നല്കുന്ന നൂറ് ഔട്ട്ലെറ്റുകളുടെ ശൃംഖലയാണ് കേരളത്തിലുടനീളം വരുന്നത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്സ് എന്ന പദ്ധതിയ്ക്കു കീഴില്‍ ഏബിള്‍ പോയിന്റ് എന്ന പേരിലാണ് ഇതിലെ ഓരോ യൂണിറ്റും സ്ഥാപിക്കുന്നത്. ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി.
ഖാദി ബോര്‍ഡുമായി ബന്ധപ്പെട്ട കരകൗശല തൊഴിലാളികള്‍, നെയ്ത്തുകാര്‍, സ്ത്രീകള്‍ നയിക്കുന്ന കുടില്‍ വ്യവസായങ്ങള്‍ എന്നിവയ്ക്കായുള്ള സുസ്ഥിര വിപണി ശൃംഖല ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. ജനസാന്ദ്രതയുള്ള സ്ഥലങ്ങള്‍, ജില്ലാ ഭരണകൂട കേന്ദ്രങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ല, താലൂക്ക് ആശുപത്രി പരിസരങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം 'ഏബിള്‍ പോയിന്റ്' വില്‍പ്പനശാലകള്‍ക്കായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രമുഖ ആരാധനാലയ പരിസരങ്ങളിലും യൂണിറ്റുകള്‍ തുടങ്ങും.
ഏബിള്‍ പോയിന്റ് ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം പതിനയ്യായിരത്തില്‍ കുറയാത്ത വേതനം ഉറപ്പാക്കാനാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഗുണഭോക്താക്കളെ ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് കണ്ടെത്തും. ഇവര്‍ക്ക് പരിശീലനം നല്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളെയും എന്‍ജിഒകളെയും സഹകരിപ്പിക്കും. അവര്‍ക്ക് കസ്റ്റമര്‍ സര്‍വീസ്, വില്‍പ്പന തന്ത്രങ്ങള്‍, ഉല്‍പ്പന്ന പരിജ്ഞാനം, ഇന്‍വെന്ററി മാനേജ്മെന്റ് എന്നിവയില്‍ മികച്ച പരിശീലനം ഉറപ്പാക്കും. വിവിധ കമ്പനികളില്‍ നിന്നും എന്‍.ജി.ഒകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലഭിക്കുന്ന സ്പോണ്‍സര്‍ഷിപ്പുകളും ഏബിള്‍ പോയന്റ് യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയുക്തമാക്കും.
കാക്കനാട് ഏബിള്‍ പോയന്റിനോടനുബന്ധിച്ച് കേരളത്തിലാദ്യത്തെ ഭിന്നശേഷിക്കാര്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ഇന്‍ക്ലൂസീവ് ക്ലൗഡ് കിച്ചണ്‍ ഈ പദ്ധതിയുടെ ഭാഗമാവും. ഭക്ഷണ നിര്‍മ്മാണം, പാക്കിംഗ്, ഓര്‍ഡര്‍ മാനേജ്മെന്റ്, വിതരണം എന്നിവയുള്‍പ്പെടെ വിവിധ ഘട്ടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും തൊഴില്‍ അവസരവും ഇന്‍ക്ലൂസീവ് കിച്ചണ്‍ നല്‍കും.
- Log in to post comments