Skip to main content

നവകേരളം കേവലമൊരു സങ്കൽപ്പമല്ല, അത് യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് : മുഖ്യമന്ത്രി പിണറായി വിജയൻ

ചെല്ലാനത്ത് 751 കോടിയുടെ തീരസംരക്ഷണ പദ്ധതി; ഒന്നാം ഘട്ടം നാടിന് സമർപ്പിച്ചു, രണ്ടാം ഘട്ടത്തിന് തുടക്കം

നവകേരളം കേവലം ഒരു സങ്കൽപ്പമല്ല,  എല്ലാ പ്രദേശങ്ങളിലും വികസനത്തിന്റെ സ്പർശം എത്തുമ്പോഴും ഓരോ മനുഷ്യരും വികസനത്തിന്റെ സ്വാദ് അറിയുമ്പോഴുമാണ് ഇത് യാഥാർത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെല്ലാനം ടെട്രാപോഡ് തീരസംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനവും രണ്ടാംഘട്ടത്തിലെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരളം എന്ന ആശയം പൂർണമായും യാഥാർത്ഥ്യമാക്കാനാണ് സർക്കാർ വിവിധ പദ്ധതികളിലൂടെ ലക്ഷ്യം ഇടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ​ഒരു കാലത്ത് വലിയ തോതിൽ വിഷമകരമായ സാഹചര്യം നേരിട്ട പ്രദേശമായിരുന്നു ചെല്ലാനം.  സംസ്ഥാനത്തെ തീരദേശത്തെ പത്ത് പ്രധാന 'ഹോട്ട് സ്പോട്ടുകളിൽ' ഒന്നായി ചെല്ലാനത്തെ അടയാളപ്പെടുത്തിയിരുന്നു. ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് 6.1 മീറ്റർ ഉയരത്തിൽ കടൽഭിത്തി നിർമ്മിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിന്റെ ആദ്യഘട്ടമായി 7.3 കിലോമീറ്റർ നീളത്തിൽ കടൽഭിത്തിയും ആറ് പുലിമുട്ടുകളും 6.64 കിലോമീറ്റർ നീളത്തിൽ നടപ്പാതയും പൂർത്തിയാക്കി. 8 ലക്ഷം മെട്രിക് ടൺ കരിങ്കല്ലും 1.5 ലക്ഷത്തോളം ടെട്രാപോഡുകളുമാണ് ഇതിനായി ഉപയോഗിച്ചത്. ​

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ പുത്തൻതോട് മുതൽ മാനാശ്ശേരി ഫിഷിംഗ് ഗ്യാപ്പ് വരെയുള്ള 6.1 കിലോമീറ്റർ ഭാഗമാണ് സംരക്ഷിക്കുന്നത്. ഒരു ലക്ഷത്തിലധികം ടെട്രാപോഡുകൾ ഇതിനായി വിന്യസിക്കും. 347 കോടി രൂപ  ചെലവഴിച്ചാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 404 കോടി രൂപയാണ് രണ്ടാംഘട്ടത്തിനായി വകയിരുത്തിയിരിക്കുന്നത്. ഈ പദ്ധതി കൂടി പൂർത്തിയാകുന്നതോടെ ചെല്ലാനം തീരത്ത് കടൽക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ വലിയ കുറവുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .

 മുൻകാലങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമ്പോൾ  ഭയപ്പാടിലായിരുന്ന തീരദേശത്തെ വീടുകളിൽ ഇന്ന് ആശ്വാസകരമായ അന്തരീക്ഷമാണ്.
​മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സർക്കാർ വലിയ പരിഗണനയാണ് നൽകുന്നത്. തീരദേശവാസികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രാധാന്യം നൽകുകയാണ്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി നടപ്പിലാക്കുന്ന 'പുനർഗേഹം' പദ്ധതിയും വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളും ഇതിന്റെ ഭാഗമാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനും വിദേശ പഠനത്തിനും ഇന്ന് സർക്കാർ അവസരമൊരുക്കുന്നുണ്ട്.

​വികസനം എന്നത് ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ലെന്നും എല്ലാ വിഭാഗം ജനങ്ങളും അതിന്റെ ഗുണം അനുഭവിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ഒരു ദ്വീപിലേക്ക് മാത്രം ഗതാഗതം ഒരു ക്കിക്കൊണ്ട് പെരുമ്പളം പാലം യാഥാർത്ഥ്യമായി കഴിഞ്ഞു. തിരുവനന്തപുരത്ത് ഒറ്റപ്പെട്ടു കിടക്കുന്ന ആദിവാസി ഊരിലേക്ക് പാലം നിർമ്മിച്ച് ഗതാഗത സംവിധാനം ഒരുക്കിയത് മറ്റൊരു മാതൃകയാണ്.  ആധുനിക ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ വഴി ഒറ്റപ്പെട്ടുകഴിയുന്ന ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ചെല്ലാനം പുത്തൻതോട് ബീച്ചിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. വ്യവസായ- നിയമ വകുപ്പ് മന്ത്രി പി രാജീവ്‌, കെ ജെ മാക്സി എം. എൽ. എ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ കെ വി തോമസ്,  കൊച്ചി മെത്രാൻ ആന്റണി കാട്ടിപ്പറമ്പിൽ, ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി അഗസ്റ്റിൻ, മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ് , കിഫ്‌ബി സി ഇ ഒ കെ. എം എബ്രഹാം, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ഷൻ സി ഇ ഒ എസ്‌. തിലകൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

date