വൈവിധ്യവത്കരണത്തിന്റെ പാതയിൽ ട്രാവൻകൂർ സിമന്റ്‌സ്; പുതിയ ഉത്പന്നങ്ങൾ മന്ത്രി പി. രാജീവ് ഇന്ന് (9) ലോഞ്ച് ചെയ്യും
കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി പുതുതായി വികസിപ്പിച്ച 'വേമ്പനാട്' ടൈൽ അഡ്ഹസീവ്, 'വേമ്പനാട്' LC3 വൈറ്റ് സിമന്റ് എന്നീ ഉത്പന്നങ്ങളുടെ സംസ്ഥാനതല ലോഞ്ചിംഗ് ഇന്ന് (മാർച്ച് 9) . ഉച്ചയ്ക്ക് 12 30ന് കളമശ്ശേരി ജിഞ്ചർ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്യും.
ചടങ്ങിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിക്കും. ബി.പി.ടി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ട്രാവൻകൂർ സിമന്റ്‌സ് ചെയർമാൻ സണ്ണി തെക്കേടം , മാനേജിംഗ് ഡയറക്ടർ ജി രാജശേഖരൻ പിള്ള, ബി.പി.ടി എക്സിക്യൂട്ടീവ് ചെയർമാൻ കെ.അജിത് കുമാർ എന്നിവർ പങ്കെടുക്കും.
ആധുനിക നിർമ്മാണ മേഖലയിലെ ആവശ്യങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയ വേമ്പനാട് ടൈൽ അഡ്ഹസീവ്, ഉൾവശങ്ങളിലെ തറകളിലും ചുവരുകളിലും ടൈലുകൾ ഉറപ്പിക്കുന്നതിന് മികച്ച കരുത്തും ഈടുനിൽപ്പും വാഗ്ദാനം ചെയ്യുന്ന സിമന്റ് അധിഷ്ഠിത ഉത്പന്നമാണ്. പരിസ്ഥിതി സൗഹൃദമായ നിർമ്മാണ രീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കുന്ന LC3 വൈറ്റ് സിമന്റ്, ലൈംസ്റ്റോൺ കാൽസിൻഡ് ക്ലേ സാങ്കേതികവിദ്യയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണ സിമന്റിനെ അപേക്ഷിച്ച് ഇതിന്റെ ഉത്പാദന വേളയിൽ കാർബൺ എമിഷൻ 40% വരെ കുറവാണെന്ന പ്രത്യേകതയുമുണ്ട്.
- Log in to post comments