Skip to main content
ചെറുപ്രായം വലിയ ചിന്തകൾ; ഫയർ ഫയ്റ്റിംഗ് റോബോട്ടുമായി ആറാം ക്ലാസുകാരി 

ചെറുപ്രായം വലിയ ചിന്തകൾ; ഫയർ ഫയ്റ്റിംഗ് റോബോട്ടുമായി ആറാം ക്ലാസുകാരി 

 

തീപിടിത്തം മൂലമുള്ള അപകടങ്ങളിൽ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ സഹായകമായ 'ഫയർ ഫൈറ്റിംഗ് റോബോട്ട്' നിർമ്മിച്ച് ക്രീയേറ്റീവ് കോർണർ ഫെസ്റ്റിൽ ശ്രദ്ധ നേടി പോത്താംകണ്ടം സ്‌കൂളിലെ ആറാം ക്ലാസുകാരി സാതിക. കണ്ണൂരിൽ നടന്ന ജില്ലാതല ക്രീയേറ്റീവ് കോർണർ ഫെസ്റ്റിലെ സ്റ്റാളുകളിൽ കൗതുകമുണർത്തുന്ന കാഴ്ചകളിലൊന്നായി മാറിയിരിക്കുകയാണ് ഈ കണ്ടുപിടിത്തം.

റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ചലിപ്പിക്കാൻ സാധിക്കുന്ന ഈ യന്ത്രത്തിൽ സെൻസറുകൾ, വാട്ടർ പമ്പ്, വാട്ടർ ടാങ്ക്, ബാറ്ററി എന്നിവ ഘടിപ്പിച്ചിരിക്കുന്നു. മനുഷ്യൻ എത്തിപ്പെടാൻ പറ്റാത്ത ദുർഘടമായ ഇടങ്ങളിലേക്കെത്തി തീ അണയ്ക്കാൻ സഹായിക്കുന്ന രീതിയിലാണ് സാതിക ഇത് തയ്യാറാക്കിയിരിക്കുന്നത്.  യന്ത്രത്തിന്റെ ബോഡിയും ടയറും കുട്ടികളുടെ കളിപ്പാട്ടങ്ങളിൽ നിന്നാണ് എടുത്തിട്ടുള്ളത്. രണ്ടാഴ്ച കൊണ്ടാണ് ഫയർ ഫൈറ്റിങ് റോബോട്ട് നിർമ്മാണം പൂർത്തീകരിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കുന്നതിൽ തൽപരയായ സാതിക മിനി ബസ്, മിനി ഫ്രിഡ്ജ് മുതലായവയും നിർമ്മിച്ചിട്ടുണ്ട്. ഭാവിയിൽ എഞ്ചിനീയർ ആവുകയാണ് തന്റെ സ്വപ്നമെന്ന് അവൾ പറയുന്നു.          

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയും ചേർന്ന് സംഘടിപ്പിച്ച ക്രീയേറ്റീവ് കോർണർ ഫെസ്റ്റിൽ കുട്ടികൾ നിർമിച്ച പേപ്പർ ക്രാഫ്റ്റ്, ബാഗ്, വസ്ത്രം, എൽ.ഇ.ഡി ബൾബ് നിർമാണം, പെയിന്റിംഗ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവയും അച്ചാർ, ജാം, സ്‌ക്വാഷ്, ഉപ്പിലിട്ടത്, തുടങ്ങി ഭക്ഷ്യ വസ്തുക്കളും വിവിധ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

date