ജില്ലാതല അറിയിപ്പുകള്
ലോഗോ ക്ഷണിച്ചു
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്റെ ഔദ്യോഗിക ലോഗോ തയ്യാറാക്കാന്‍ എന്‍ട്രികള്‍ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ലോഗോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ ആഗോള നിലവാരത്തിലുള്ള ഒരു മികവിന്റെ കേന്ദ്രമായി അടയാളപ്പെടുത്തുന്ന ലോഗോയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രൊഫഷണല്‍ ഡിസൈനര്‍മാര്‍ക്കും ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ഥികള്‍ക്കും ഡിസൈനിംഗില്‍ താല്പര്യമുള്ള പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. അവയവദാന പ്രക്രിയയിലെ മാനുഷിക മൂല്യങ്ങള്‍, ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം എന്നിവയ്ക്കൊപ്പം പുതുജീവന്‍, പ്രത്യാശ, കരുണ എന്നീ ആശയങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സൃഷ്ടികള്‍ക്ക് മുന്‍ഗണന നല്‍കും. ഡിസൈനുകള്‍ എ ഫോര്‍ സൈസില്‍ എച്ച്.ഡി നിലവാരത്തില്‍ പിഡിഎഫ്/ജെപിജി ഫോര്‍മാറ്റില്‍ സമര്‍പ്പിക്കണം. താല്പര്യമുള്ളവര് മാര്‍ച്ച് 13 നകം ലോഗോകള്‍ pmukiot@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. ലോഗോയ്ക്കൊപ്പം അപേക്ഷകന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ലോഗോയെക്കുറിച്ചുള്ള ലഘുവിവരണം എന്നിവ ഉള്‍പ്പെടുത്തണം. ഒരാള്‍ക്ക് ഒരു ലോഗോ മാത്രമേ അയക്കാനാവൂ. വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും ജേതാവിനെ പ്രഖ്യാപിക്കുക. കൂടുതല്‍ വിവരങ്ങള്‍ കെ-സോട്ടോയുടെ വെബ്സൈറ്റായ ksotto.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471-2528658, 2962748
നടപടി സ്വീകരിക്കും
കേരള നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് വകുപ്പുകള്‍ക്ക് കീഴിലുള്ള മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ പൂര്‍ണമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അല്ലാത്ത പക്ഷം ഇലക്ഷന് നടപടികള്‍ തടസ്സപ്പെടുത്തുന്നതായി കണക്കാക്കുന്നതും പ്രസ്തുത ഓഫീസ് മേലധികാരികള്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടി സ്വീകരിക്കുന്നതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും അറിയിച്ചു.
ശുചിത്വ മിഷനില്‍ ഇന്റേണ്‍ഷിപ്പ്
ജില്ലാ ശുചിത്വ മിഷന്റെ സ്വച്ഛ് സര്‍വേക്ഷന്‍ സെല്ലില്‍ സ്റ്റൈപ്പന്റോടുകൂടി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ്/ എം ടെക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.എസ് സി/ എം.എസ് സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ള 30 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 11ന് രാവിലെ 10.30ന് ജില്ലാ ശുചിത്വ മിഷന് ഓഫീസ്, നോബിള്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, സൗത്ത് ബസാര്‍, മക്കാനിക്ക് സമീപം കണ്ണൂര്‍ എന്ന വിലാസത്തില്‍ എത്തണം.
ലേലം
പൊതുമരാമത്ത് വകുപ്പ് കെ.എസ്.ടി.പി ഓഫീസ് കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള രണ്ട് തേക്ക് മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള ലേലം മാര്‍ച്ച് 18ന് രാവിലെ 11.30ന് കെട്ടിട ഉപവിഭാഗം കണ്ണൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യത്തിന് തുല്യമായ തുകയ്ക്ക് അംഗീകൃത ബാങ്കിന്റെ ഡിപ്പോസിറ്റി രശീതി കെട്ടിട ഉപവിഭാഗം കണ്ണൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്ന വിലാസത്തില്‍ മാര്‍ച്ച് 16 ന് വൈകീട്ട് നാലുമണിക്കകം ലഭിക്കണം.
- Log in to post comments