കാവിൻമുനമ്പ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു
1395 മീറ്റർ നീളം, നിർമ്മിക്കുന്നത് കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം
1395 മീറ്റർ നീളത്തിൽ കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലമായി, ചെറുകുന്ന്-പട്ടുവം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാവിൻമുനമ്പ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. കാവിൻ മുനമ്പിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി അധ്യക്ഷത വഹിച്ചു.
എം വിജിൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു. കിഫ്ബിയിൽ ഉൾപ്പെടുത്തി 91 കോടി രൂപയാണ് സംസ്ഥാന സർക്കാർ കാവിൻമുനമ്പ് പാലം പദ്ധതിക്ക് അനുവദിച്ചത്. കല്ല്യാശ്ശേരി മണ്ഡലത്തിൽ കുറ്റിക്കോൽ പുഴക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന് 1395 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉണ്ടാവും. ഇരുവശങ്ങളിൽ ഒന്നര മീറ്റർ നീളത്തിൽ രണ്ട് സെന്റർ സ്പാനും 35 മീറ്റർ നീളത്തിലുള്ള 36 സ്പാനുകളും ഉണ്ടാകും. പൈൽ ഫൗണ്ടേഷനുള്ള പാലം പ്രീ സ്ട്രെസ്ഡ് കോൺക്രീറ്റ് ഗർഡർ ആൻഡ് സോളിഡ് സ്ലാബ് ടൈപ്പ് ആയാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പട്ടുവം, ചെറുകുന്ന് ഭാഗങ്ങളിലായി അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനു വേണ്ടി 65 സെന്റ് ഭൂമി നേരത്തെ ഏറ്റെടുത്തിരുന്നു. പാലം പൂർത്തിയാകുന്നതോടെ തളിപ്പറമ്പ്-പട്ടുവം ഭാഗത്തുള്ളവർക്ക് പഴയങ്ങാടി-കണ്ണപുരം റെയിൽവേസ്റ്റേഷനിലേക്കും ചെറുകുന്ന് അമ്പലം മാട്ടൂൽ ഭാഗത്തേക്കും പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിലേക്കും ചെറുകുന്ന് കണ്ണപുരം, മാട്ടൂൽ ഭാഗത്തുള്ളവർക്ക് പട്ടുവം-തളിപ്പറമ്പ് ഭാഗത്തേക്കും എളുപ്പത്തിൽ എത്തിചേരൻ സാധിക്കും.
ചടങ്ങിൽ മുൻ എംഎൽഎ ടിവി രാജേഷ് മുഖ്യാതിഥിയായി. കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ കൊയിലേരിയൻ റിപ്പോർട്ട് അവതരിപ്പിച്ചു.
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെസ്സി ഷിജി വട്ടക്കാട്ട്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ ബബിത കുമാരി, പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പികെ ദിവാകരൻ, ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ മോഹനൻ, ജില്ലാ പഞ്ചായത്ത് അംഗം എം വി ഷിമ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി നിഷ, പട്ടുവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം വർണ, പട്ടുവം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ദാമോദരൻ, പട്ടുവം ഗ്രാമപഞ്ചായത്ത് അംഗം സുമ ഇ, ചെറുകുന്ന് പഞ്ചായത്ത് അംഗം എം ശൈലജ, തളിപ്പറമ്പ് മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത, ഔഷധി ബോർഡ് അംഗം കെ പത്മനാഭൻ, കെആർഎഫ്ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ കെ വി മനോജ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ നാരായണൻ, ടി ദാമോദരൻ,, ടി ഗോപി, പി പി സുബൈർ, മീത്തൽ കരുണാകരൻ, ചന്ദ്രശേഖരൻ ടി വി, പി കെ വിജയൻ എന്നിവർ സംസാരിച്ചു.
- Log in to post comments