Skip to main content

 വൈവിധ്യവൽക്കരണത്തിന്‍റെ പാതയിൽ ട്രാവൻകൂർ സിമന്റ്സ് ; സാധ്യമാകുന്ന എല്ലാ പിന്തുണയും ഉറപ്പാക്കും : മന്ത്രി പി. രാജീവ്‌

 ട്രാവൻകൂർ സിമന്റ്സിന്റെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്  

ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് പുതിയൊരു തുടക്കത്തിലേക്ക് കടക്കുകയാണെന്നും  സ്ഥാപനത്തിന്റെ വളർച്ചയ്ക്ക്  സാധ്യമാകുന്ന എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ്  വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച 'വേമ്പനാട്' ടൈൽ അഡ്ഹസീവ്, 'വേമ്പനാട്' LC3 വൈറ്റ് സിമന്റ് എന്നീ ഉത്പന്നങ്ങൾ പുറത്തിറക്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിൽ ആദ്യമായി LC3 വൈറ്റ് സിമന്റ്  ഉല്പാദിപ്പിക്കുന്നത് കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം ആണെന്നതിൽ നമുക്ക് അഭിമാനിക്കാം. ഇതിന്റെ നിർമ്മാണത്തിൽ കാർബൺ ബഹിർഗമനം വളരെ കുറവാണ്. അതിനാൽ തന്നെ പരിസ്ഥിതി സൗഹാർദ്ദ ഉൽപ്പന്നം കൂടിയാണിത്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ  കെ.പി.പി.എല്ലിൽ നിന്നുള്ള ഉപയോഗശൂന്യമായ സ്ലഡ്ജും ഇതിന്റെ ഉൽപ്പാദനത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.
വേമ്പനാട് വൈറ്റ് സിമന്റിന് കേരളത്തിനകത്തും പുറത്തും വലിയ മാർക്കാറ്റാണ് ഉണ്ടായിരുന്നത്. ആ സാധ്യതകൾ ഇപ്പോഴും നമുക്ക് മുന്നിലുണ്ട്, അത് പരമാവധി പ്രയോജനപ്പെടുത്തണം. ഈ കാലഘട്ടത്തിൽ വിപണിയിൽ ഏറെ ആവശ്യമുള്ള ഉൽപ്പന്നമാണ്  ടൈൽ അഡ്ഹസീവ് എന്നും അദ്ദേഹം പറഞ്ഞു.

കുറെ വർഷങ്ങളായി പ്രതിസന്ധി മാത്രം മുഖമുദ്രയായിരുന്ന ട്രാവൻകൂർ സിമന്റ്സ് പ്രതീക്ഷയുടെ പുതിയ പാതയിലേക്ക് പ്രവേശിക്കുകയാണ്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതയാണ് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയിരുന്നത്. ഈ വർഷം നാലരക്കോടിയിൽ പരം രൂപയാണ് കമ്പനിക്ക് സർക്കാർ ലഭ്യമാക്കിയത്. ഭാവിയിലും ഈ പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരിയിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി ( ഇൻഡസ്ട്രീസ്) എ.പി.എം മുഹമ്മദ് ഹനീഷ്  അധ്യക്ഷനായി, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ചെയർമാൻ സണ്ണി തെക്കേടം, ബി.പി.ടി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്  മാനേജിംഗ് ഡയറക്ടർ  ജി. രാജശേഖരൻ പിള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ യോഹന്നാൻ ചാക്കോ, എ. അജിത് കുമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടന ഭാരവാഹികൾ തുടങ്ങിയവർ  പങ്കെടുത്തു.

date