Skip to main content

ലഹരിക്കല്ല, കായിക വിനോദങ്ങൾക്കാണ് യുവാക്കൾ മുൻഗണന നൽകേണ്ടത്: മന്ത്രി പി. രാജീവ്

മയക്കുമരുന്നിന്റെ ലോകത്തേക്ക് വഴിതെറ്റി പോകാതെ, ആരോഗ്യകരമായ ഒരു കായിക സംസ്കാരം വളർത്തിയെടുക്കാൻ യുവാക്കൾ കായിക വിനോദങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ
പുതുതായി നിർമ്മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള നാചുറൽ ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനവും, 400 മീറ്റർ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കിന്റെ ഒന്നാം ഘട്ട നിർമ്മാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്‌ലറ്റിക് ഗ്രൗണ്ടുകൾ യുവാക്കളിൽ ശാരീരികവും മാനസികവുമായ ഉന്മേഷം നൽകുന്നതോടൊപ്പം ലഹരി വിരുദ്ധ പോരാട്ടത്തിൽ വലിയ പങ്ക് വഹിക്കുമെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ സർവകലാശാലയിലെ കായിക താരങ്ങൾക്ക് വലിയ മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ച് സ്പോർട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കുസാറ്റിലെ ആധുനിക കായിക സമുച്ചയംയാഥാർഥ്യമാക്കിയത്.

ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷനായി.സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, രജിസ്ട്രാർ ഡോ.എ.യു അരുൺ,സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ പി വിഷ്ണുരാജ്,.മുൻ ഒളിമ്പ്യൻ മേഴ്‌സി കുട്ടൻ, ചീഫ് എഞ്ചിനീയർ 
പി.കെ അനിൽകുമാർ,കുസാറ്റ് വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ ജെ.ബി ഋതുപർണ തുടങ്ങിയവർ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിന് പിന്നാലെ പുതിയ ടർഫിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിന്റെ കിക്ക് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു.

date