Skip to main content
കൊല്ലം ചിറ സൗന്ദര്യവത്കരണം ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു

ലോക ടൂറിസം ഭൂപടത്തില്‍ പ്രധാന ഇടം നേടാന്‍ കേരളത്തിന് സാധിച്ചു -മന്ത്രി പി എ മുഹമ്മദ് റിയാസ് 

 

കൊല്ലം ചിറ സൗന്ദര്യവത്കരണ ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ കേരള ടൂറിസത്തിന് ലോക ടൂറിസം ഭൂപടത്തില്‍ പ്രധാന ഇടം നേടാനായ കാലമാണിതെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊല്ലം ചിറ സൗന്ദര്യവത്കരണ ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലെ ഏറ്റവും പ്രധാന ഘടകമായി ടൂറിസം മാറി. കാലത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് ടൂറിസം മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. നാടിന്റെ ടൂറിസം സാധ്യത ഫലപ്രദമായി ഉപയോഗിക്കുക എന്ന കാഴ്ചപ്പാടിന്റെ കൂടി ഭാഗമാണ് തീര്‍ഥാടക ടൂറിസത്തില്‍ അനന്ത സാധ്യതയുള്ള കൊല്ലം ചിറയുടെ സൗന്ദര്യവത്കരണമെന്നും ഇത് പ്രദേശത്ത് വലിയ മാറ്റം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. 

കൊയിലാണ്ടി പിഷാരിക്കാവ് ദേവസ്വത്തിന് കീഴിലെ കൊല്ലം ചിറയുടെ സൗന്ദര്യവത്കരണ ടൂറിസം പദ്ധതിക്ക് ടൂറിസം വകുപ്പ് നാല് കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. ഏകദേശം 890 മീറ്റര്‍ ചുറ്റളവുള്ള ചിറയുടെ സമഗ്ര സൗന്ദര്യവത്കരണവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതിആവിഷ്‌കരിച്ചത്. ചുറ്റുമതില്‍ നിര്‍മാണം, റെയിന്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കല്‍, കുളക്കടവിലേക്കുള്ള ഷേഡുകള്‍, നടപ്പാത നിര്‍മാണം, ലാന്‍ഡ്‌സ്‌കേപ്പിങ് പ്രവൃത്തികള്‍, അലങ്കാര ലൈറ്റുകള്‍ സ്ഥാപിക്കല്‍, ഓപണ്‍ ജിം, കുട്ടികളുടെ കളി ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനി ലിമിറ്റഡിനാണ് (കെ.ഇ.എല്‍) നിര്‍വഹണ ചുമതല.

ചടങ്ങില്‍ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ യു കെ ചന്ദ്രന്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ സി ടി ബിന്ദു, സ്ഥിരം സമിതി അധ്യക്ഷരായ എ പി സുധീഷ്, രമ്യ പണ്ടാരക്കണ്ടി, എം ദൃശ്യ, എ സുധാകരന്‍,കൗണ്‍സിലര്‍മാരായ തസ്‌നിയ, ഷാജി പാതിരിക്കാട്, അബിന നാരായണന്‍, ഷാദിയ, മുന്‍ എം.എല്‍.എ കെ ദാസന്‍, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി നിഖില്‍ദാസ്, പിഷാരിക്കാവ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ വി നാരായണന്‍, ചെയര്‍മാന്‍ ഇ അപ്പുക്കുട്ടി നായര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

date